
ഉല്‍സവത്തിലെ ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. 2012ലെ ചട്ടങ്ങള്‍ പാലിച്ച് ആനകളുടെ എഴുന്നള്ളിപ്പ് നടത്താനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഈ ചട്ടങ്ങള്‍ പ്രകാരം ആന എഴുന്നള്ളിപ്പിന് കൃത്യമായ മാര്‍ഗരേഖയുണ്ടെന്ന് കോടതി പറഞ്ഞു. അതിന് അപ്പുറമുള്ള നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതിക്ക് നല്‍കാന്‍ സാധിക്കില്ല.
ഹൈക്കോടതി വിധിക്ക് എതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ അവ തമ്മില്‍ 3 മീറ്റര്‍ അകലം പാലിക്കണം, തീവെട്ടികളില്‍ നിന്നും 5 മീറ്റര്‍ ദൂരപരിധി വേണം, ആനകളില്‍ നിന്നും 8 മീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താന്‍ പാടുള്ളൂ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഹൈക്കോടതി നല്‍കിയത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ശൂന്യതയില്‍ നിന്നും ഉത്തരവിറക്കാനാകില്ല. ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് വിധിയില്‍ ഉദ്ദേശിക്കുന്നത്. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശമെന്നും കോടതി പറഞ്ഞു.
ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത് പോലെ ആനകള്‍ക്ക് എങ്ങനെയാണ് മൂന്ന് മീറ്റര്‍ അകലം പാലിക്കാന്‍ സാധിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. പകല്‍ രാവിലെ അഞ്ച് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ എഴുന്നള്ളിപ്പ് പാടില്ലെന്ന ഉത്തരവ് പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മിക്ക ആഘോഷങ്ങളുടേയും സമയം വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണെന്നും കോടതി പറഞ്ഞു.


