
മനുഷ്യരല്ലാത്തതിനാൽ മോചനത്തിനായുള്ള നിയമാവകാശം ആനകൾക്കില്ല; കൊളറാഡോ കോടതി
കൊളറാഡോ മൃഗശാലയിലെ അഞ്ച് മുതിർന്ന ആനകൾ മൃഗശാലയിൽ തന്നെ തുടരും. മനുഷ്യരല്ലാത്തതിനാൽ മോചനത്തിനായുള്ള നിയമാവകാശമില്ലെന്ന് കൊളറാഡോ കോടതി വിധിക്ക് ശേഷമാണ് ആനകൾക്ക് മൃഗശാലയിൽ തന്നെ തുടരേണ്ടി വരിക. വിധി മൂലം ജാംബോ, കിംബ, ലൂലൂ, ലക്കി, മിസ്സി എന്നീ ആനകളാണ് മൃഗശാലകളിൽ തന്നെ തുടരുക. ആനകൾക്ക് വേണ്ടി കോടതിയിൽ ഹർജി നൽകിയത് നോൺഹ്യൂമൻ റൈറ്റ്സ് പ്രോജക്ട് എന്ന സംഘടനയാണ്. അമേരിക്കയിൽ മൃഗങ്ങളുടെ സംരക്ഷണത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് നോൺഹ്യൂമൻ റൈറ്റ്സ് പ്രോജക്ട്.
2022ൽ ന്യൂ യോർക്ക് കോടതി പുറപ്പെടുവിച്ച വിധിക്ക് സമാനമായാണ് കൊളറാഡോ കോടതിയുടെ വിധിയും വന്നിട്ടുള്ളത്. 2022ൽ ന്യൂ യോർക്ക് സിറ്റിയിലെ, ബ്രോങ്സ് മൃഗശാലയിലെ ഹാപ്പി എന്ന പ്രായമായ ആനയുടെ മോചനത്തിനായുള്ള ഹർജിയിലാണ് മോചിപ്പിക്കാനാവില്ലെന്ന് കോടതി വിധിച്ചത്. സഹാനുഭൂതി, ആത്മാവബോധം തുടങ്ങിയ ശേഷികളുള്ള ആനകൾ മൃഗശാലകളിൽ അടച്ചുപൂട്ടിയിടപ്പെടുമ്പോൾ അവയ്ക്ക് മനഃക്ലേശം ബാധിക്കുമെന്നും, അവയുടെ തലച്ചോറിനെ ബാധിക്കുമെന്ന് വാദിച്ച് ഏഴ് ജീവശാസ്ത്രജ്ഞർ നൽകിയ സത്യവാങ്ങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ നോൺഹ്യൂമൻ റൈറ്റ്സ് പ്രോജക്ട് ഹർജി നൽകിയത്.
മാനസികമായും, സാമൂഹികമായും എത്ര ഉയർന്നു നിൽക്കുന്ന മൃഗമാണെങ്കിലും മോചനത്തിന് അപേക്ഷിക്കാനുള്ള നിയമസംരക്ഷണങ്ങൾ മനുഷ്യർക്ക് മാത്രമേ ബാധകമാവുള്ളൂ എന്ന് കൊളറാഡോ കോടതി പറഞ്ഞു. ഹേബിയസ് കോർപ്പസ് മനുഷ്യർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയുള്ളൂവെന്നും, ആനകൾക്ക് അത് ഉപയോഗിക്കാൻ നിയമം മൂലം സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.
കോടതി വിധി വ്യക്തമായ അനീതിയാണെന്ന് നോൺഹ്യൂമൻ റൈറ്റ്സ് പ്രോജക്ട് പ്രസ്താവനയിലൂടെ അറിയിച്ചു. ജീവിതാവസാനം വരെയുള്ള മാനസികവും ശാരീരികവുമായുള്ള കഷ്ടതയിൽ ആനകളെ കോടതി വിധിയിലൂടെ തളച്ചിടുകയാണ് എന്നും സംഘടന പറഞ്ഞു. കോടതി വിധിയെ കൊളറാഡോ മൃഗശാല സ്വാഗതം ചെയ്തു. ബാലിശമായ ഒരു കേസിനെ 19 മാസത്തോളം നേരിടേണ്ടി വന്നതിലുള്ള നിരാശയും മൃഗശാല രേഖപ്പെടുത്തി.