ഇലോൺ മസ്‌കും നരേന്ദ്ര മോദിയും | PHOTO: PTI
മോദിയുടെ ആരാധകനെന്ന് ഇലോണ്‍ മസ്‌ക്, ഇന്ത്യ ഉടന്‍ സന്ദര്‍ശിക്കും
അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക്. മോദിയുടെ ആരാധകനാണ് താനെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മസ്‌ക് പറഞ്ഞു.
അദ്ദേഹം മുൻപ് തന്റെ ഫാക്ടറി സന്ദർശിച്ചിരുന്നു. അതിനാൽ നേരത്തെ അറിയുന്ന വ്യക്തിയാണ്. അടുത്ത വർഷം വീണ്ടും ഇന്ത്യ സന്ദർശിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ട്. ടെസ്‌ല ഇന്ത്യയിലെത്തുന്ന കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ട്. മസ്‌ക് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഭാവിയക്കുറിച്ച് ഓർക്കുമ്പോൾ താൻ ആവേശഭരിതനാകുന്നുവെന്നും മസ്‌ക് പറഞ്ഞു. വേറെ ഏത് വലിയ രാജ്യങ്ങളെക്കാളും സാധ്യതകൾ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ നിക്ഷേപങ്ങളെത്തിക്കാൻ പ്രധാനമന്ത്രി മോദി വലിയ പരിശ്രമമാണ് നടത്തുന്നത്. കമ്പനികളെ പിന്തുണയ്ക്കണം എന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അതെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് അഭിപ്രായപ്പെട്ടു.
കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കെ, ടീറ്റർ മുൻ സി.ഇ.ഒ ജാക്ക് ഡോർസി കേന്ദ്ര സർക്കാരിനെതിരെ ഉന്നയിച്ച ആരോപണത്തിനും മറുപടി നൽകി. അതത് രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കുകയല്ലാതെ തങ്ങൾക്ക് വേറെ മാർഗമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതിനപ്പുറം എന്തെങ്കിലും ചെയ്യാൻ സാധ്യമല്ല. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത നിയന്ത്രണങ്ങളുണ്ട്. നിയമങ്ങൾ പാലിച്ചുകൊണ്ട് സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് വേദിയൊരുക്കാൻ പരമാവധി ശ്രമിക്കുമെന്നും ട്വിറ്റർ ഉടമ കൂടിയായ മസ്‌ക് പറഞ്ഞു.
വെല്ലുവിളി നേരിടുന്ന ഇന്ത്യൻ ജനാധിപത്യം
മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് എഴുപതിൽ അധികം സെനറ്റർമാർ പ്രസിഡന്റ് ജോ ബൈഡന് കത്തെഴുതി. ഇന്ത്യയിൽ ജനാധിപത്യത്തിനെതിരെയും മനുഷ്യാവകശാങ്ങൾക്കെതിരെയും വർധിച്ചുവരുന്ന വെല്ലുവിളികളെപ്പറ്റി മോദിയുമായി ചർച്ച നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. മതപരമായ വിഭജനങ്ങളും മാധ്യമസ്വാതന്ത്ര്യം കുറയുന്നതും രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയാണെന്നും കത്തിൽ പ്രതിപാദിച്ചു. പ്രതിരോധം, വിതരണശ്യംഖല, ഫാർമസ്യൂട്ടിക്കൽ, എന്നീ മേഖലകളിൽ ഇന്ത്യയുമായി സഹകരണം ശക്തമാക്കണം, ഇന്ത്യയ്ക്ക് വേണ്ടി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ, നേതാവിനെയോ അംഗീകരിച്ചിട്ടില്ലെന്നും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ് ആവശ്യം ഉന്നയിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഇന്ത്യൻ വംശജരായ കോൺഗ്രസ് വുമൺ പ്രമീള ജയപാൽ, സെനറ്റർ ക്രിസ് വാൻ ഹോളൻ എന്നിവരുടെ നേതൃത്വത്തിലാണ് കത്ത് ബൈഡന് സമർപ്പിച്ചത്.
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് നടക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ മോദിക്ക് വൻ സ്വീകരണം നല്കി. ന്യൂയോർക്കിലെ ആൻഡ്രൂസ് എയർഫോഴ്‌സ് ബേസിൽ പത്തരയോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഇന്ത്യൻ സമൂഹം വൻ സ്വീകരണം നൽകിയാണ് വരവേറ്റത്. 24 വരെയാണ് സന്ദർശനം. യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈകിട്ട് സ്വകാര്യ വിരുന്ന് നല്കി മോദിയുമായി സൗഹൃദം പങ്കിടും. നോബേൽ സമ്മാന ജേതാക്കൾ, സാമ്പത്തിക വിദഗ്ധർ, ആരോഗ്യ മേഖലയിലെ വിദഗ്ധർ, കലാകാരൻമാർ, ശാസ്ത്രജ്ഞർ തുടങ്ങിയ നിരവധി പ്രമുഖരും വിരുന്നിൽ പങ്കെടുക്കും. മസ്‌കിനെ കൂടാതെ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ നീൽ ടൈസൺ, നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ പോൾ റോമർ, എഴുത്തുകാരൻ നിക്കോളാസ് നാസിം തലേബ്, നിക്ഷേപകനായ റേ ഡാലിയോ എന്നിവരുമായും മോദി സംസാരിക്കും. നാളെ വൈറ്റ്ഹൗസിൽ വൻ വരവേൽപ്പുണ്ട്. ഓവൽ ഓഫിസിൽ പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
യു എസുമായി പ്രതിരോധ കരാറുകൾക്ക് സാധ്യത
യുഎസ്- ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിരോധമേഖലയിലെ സാങ്കേതിക വിദ്യ കൈമാറ്റത്തിനായും ആയുധ വില്പനയിലും പ്രസിഡന്റ് ജോ ബൈഡനുമായി മോദി നടത്തുന്ന ഉഭയകക്ഷി ചർച്ച നിർണായകമാകും. കൂടാതെ ചൈനയുടെ ഭീഷണി തടയുന്നതിന് ഇന്തോ-പെസഫിക് ഖേല തുറന്നുകൊടുക്കുന്നതിനുമുള്ള ചർച്ചകൾ നടന്നേക്കും. നൂതന പ്രതിരോധ സാങ്കേതികവിദ്യ പങ്കിടൽ, ജി.ഇ-414 ടർബോഫാൻ ജെറ്റ് എഞ്ചിൻ സാങ്കേതിക വിദ്യ കൈമാറ്റം, എം.ക്യു-9ബി സായുധ ഡ്രോണുകൾ വാങ്ങൽ തുടങ്ങിയ ഇടപാടുകളിൽ പ്രഖ്യാപനമുണ്ടായേക്കും. വാണിജ്യ, വ്യവസായ സഹകരണം, നിക്ഷേപം, ടെലികോം മേഖലകളിലും കരാറുകൾ ഒപ്പിടും. നാസയുടെ 2025ലെ ആർട്ടെമിസ് ചന്ദ്രപര്യവേഷണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ അമേരിക്കയ്ക്ക് താൽപര്യമുണ്ട്. 25 രാഷ്ട്രങ്ങൾ ഇതിനോടകം പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.