
ട്രംപ് അനുകൂല ഗ്രൂപ്പിന് ഇലോൺ മസ്ക് നൽകിയത് 75 മില്യൺ ഡോളർ
ട്രംപ് അനുകൂല ഗ്രൂപ്പിന് വെറും മൂന്ന് മാസത്തിനിടയിൽ ടെസ്ല സി ഇ ഒ ആയ ഇലോൺ മസ്ക് സംഭാവന ചെയ്തത് 75 മില്യൺ ഡോളർ. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (PAC) 72 മില്യൺ ഡോളർ ചെലവഴിച്ചതായി ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച രേഖകൾ പറയുന്നു. മറ്റ് അനുകൂല ഗ്രൂപ്പുകളെക്കാൾ കൂടുതൽ തുകയാണ്, ട്രംപിന്റെ പ്രചരണാർത്ഥം മസ്ക് സ്ഥാപിച്ച കമ്മിറ്റി ഈ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ചെലവഴിച്ചത്.
നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും റിപബ്ലിക്കൻ സ്ഥാനാർത്ഥികളുടെ വിജയത്തിലും ശതകോടീശ്വരൻ വഹിക്കുന്ന പങ്ക് എന്തെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.ട്രംപ്- കമല ഹാരിസ് മത്സരത്തിൽ നിർണായക പങ്ക് വഹിക്കുക മസ്കിന്റെ ഈ നടപടിയാകും.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് പ്രതിനിധികൾക്ക് വോട്ട് രേഖപ്പെടുത്തിയിരുന്ന മസ്ക് ഇത് ശരിയായ തീരുമാനമെടുക്കാനുള്ള സമയമാണെന്ന് പറഞ്ഞു കൊണ്ടാണ് ട്രംപിനുള്ള പിന്തുണ പ്രഖ്യാപിച്ചത് തുടർന്ന് തിരഞ്ഞെടുപ്പ് റാലിയിലും ട്രംപിനൊപ്പം മസ്ക് പങ്കെടുത്തിരുന്നു. പെൻസിൽവാലിയയിൽ പലയിടത്തായി താൻ പ്രഭാഷണങ്ങൾ നടത്തുമെന്ന് എക്സ് പോസ്റ്റിലൂടെ മസ്ക് അറിയിച്ചു.
തന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മറ്റിയുടെ സൈറ്റിലുള്ള പെറ്റീഷനിൽ ഒപ്പു വെച്ചാൽ മാത്രം മതിയെന്നാണ് മസ്ക് നൽകിയിരുന്ന നിർദ്ദേശം. പെൻസിൽവാലിയയിൽ മസ്ക് കൂടുതൽ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി സൂചനകളുണ്ട്. ട്രംപിന്റെയും കമലഹാരിസിന്റെയും മത്സരത്തിൽ നിർണ്ണായക പങ്ക് വഹിക്കാൻ പോകുന്ന പ്രദേശമാണ് പെൻസിൽവാനിയ. അമേരിക്കൻ പിഎസിയിലേക്ക് മസ്ക് സംഭാവന നടത്തിയതോടെ റിപബ്ലിക്കൻ പാർട്ടിയുടെ മെഗാ ഡോണർമാരുടെ പട്ടികയിൽ മസ്കും സ്ഥാനം പിടിച്ചു.
അമേരിക്കൻ പിഎസി ലക്ഷ്യം വയ്ക്കുന്നത് ട്രംപ് അനുകൂലികളായ അമേരിക്കകാരെ പ്രോത്സാഹിപ്പിക്കുകയാണ്, ഇത് തൊഴിലാളികൾക്കെതിരെ പ്രയോഗിക്കുന്ന ഒരു തന്ത്രമായും കരുതുന്നു. മറ്റു പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റികളെക്കാൾ കൂടുതൽ പ്രവർത്തിച്ചിരുന്ന അമേരിക്കൻ പിഎസിയിലെ അംഗങ്ങളുടെ നിയമനം സംബന്ധിച്ചും കോൺട്രാക്റ്റ് സംബന്ധിച്ചും പലപ്പോഴായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനകം രണ്ട് പ്രധാന കരാറുകാരെയാണ് അമേരിക്കൻ പിഎസി പുറത്താക്കിയത്. മറ്റൊരു ട്രംപ് അനുകൂല പിഎസിയായ പ്രിസർവ് അമേരിക്കയ്ക്ക് ഇതേ കാലയളവിൽ തന്നെ ശതകോടീശ്വരിയായ മിറിയം അഡൽസൻ 95 മില്യൺ ഡോളർ സംഭാവന നൽകിയിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇതോടെ മിറിയം ആൻഡേഴ്സൺ നൽകിയ സംഭാവന നൂറ് മില്യൺ ഡോളറായി.