ELON MUSK | PHOTO: PTI
നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ഇലോണ്‍ മസ്‌ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയുണ്ടാകുമെന്ന് അറിയിച്ച് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവരുന്നത്. നരേന്ദ്ര മോദിയെ കാണാന്‍ തീരുമാനിച്ചുവെന്ന് മസ്‌ക് എക്‌സില്‍ കുറിക്കുകയായിരുന്നു. സന്ദര്‍ശനം എപ്പോള്‍ ഉണ്ടാകുമെന്നതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
ഇലോണ്‍ മസ്‌ക് ഈ മാസം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കുമെന്നും രാജ്യത്ത് നിക്ഷേപം നടത്താനും പുതിയ ഫാക്ടറി സ്ഥാപിക്കാനുമുള്ള പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌പേസ് എക്‌സിന്റെ സ്ഥാപകന്‍ കൂടിയായ മസ്‌ക് കഴിഞ്ഞ വര്‍ഷം ജൂണില്‍ യുഎസില്‍ വച്ച് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടെസ്‌ല ഇന്ത്യയില്‍ ആരംഭിക്കുമെന്നും സാധ്യമായ വേഗത്തില്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കൂടിക്കാഴ്ചയ്ക്കിടെ മസ്‌ക് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
നിശ്ചിത എണ്ണം ഇലക്ട്രിക് വാഹന ഇറക്കുമതിയില്‍ 85 ശതമാനം വരെ നികുതി വെട്ടിക്കുറയ്ക്കുന്ന പുതിയ ഇലക്ട്രിക് വാഹന നയം ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം. ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമായ പ്ലാന്റിനായുള്ള സൈറ്റുകള്‍ പരിശോധിക്കാന്‍ കൂടിയാണ് ഏപ്രിലില്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കാര്‍ നിര്‍മ്മാണം ആരംഭിക്കാന്‍ ഇലോണ്‍ മസ്‌ക് ഒരുങ്ങുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വാര്‍ഷിക തലത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി സ്ഥാപിക്കാനാണ് ടെസ്‌ലയുടെ തീരുമാനം.