
ട്രംപുമായുള്ള സുന്ദർ പിച്ചൈയുടെ ഫോൺ കോളിൽ ഇലോൺ മസ്കും
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്കും ചേർന്നു. ട്രംപിന്റെ വിജയത്തിൽ ആശംസ അറിയിക്കാനായി പിച്ചൈ വിളിച്ച ഫോൺ കോളിലാണ് പിന്നീട് മസ്കിനെയും ചേർത്തത്. ഡൊണാൾഡ് ട്രംപിന്റെ കൂടെ എപ്പോഴും സാമീപ്യമുറപ്പിക്കുകയാണ് ഇലോൺ മസ്ക് എന്ന വാദത്തെ ശരിവയ്ക്കുന്നതാണ് സംഭവം. ഗൂഗിളിന്റെ സെർച്ച് റിസൾട്ടുകൾ കമല ഹാരിസിനെ സഹായിക്കുന്ന തരത്തിലുള്ളതാണെന്ന് മുൻപ് വാദിച്ചിരുന്ന മസ്ക് അത്തരത്തിലുള്ള ട്വീറ്റുകളും എക്സിലൂടെ പങ്കുവെച്ചിരുന്നു.
ലോകനേതാക്കൾക്കൊപ്പമുള്ള ട്രംപിന്റെ ഫോൺ കോളുകളിലും മസ്ക് സ്ഥിരം സാന്നിധ്യമാവുന്നുണ്ടെന്നും, അത്തരം സംഭാഷണങ്ങളിൽ മസ്ക് വെറുമൊരു കേൾവിക്കാരൻ മാത്രമാവാതെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുകയും, തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ട്രംപുമായുള്ള അടുത്ത ബന്ധത്തിനാൽ മസ്ക് ‘ഫസ്റ്റ് ബഡ്ഡി’(First Buddy) എന്നാണ് അറിയപ്പെടുന്നത്. ഇതിന് മുൻപും പല പരിപാടികളിലും ട്രംപും മസ്കും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.
ട്രംപിന്റെ ക്യാബിനറ്റിൽ ഡിപാർട്ട്മെൻറ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി(DOGE) എന്നൊരു വിഭാഗം ഇലോൺ മസ്ക് നയിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ അമേരിക്കൻ വ്യവസായ സ്ഥാപകൻ വിവേക് രാമസ്വാമിയോട് ചേർന്നാണ് മസ്ക് ‘ഡോജ്’ വിഭാഗത്തെ നയിക്കുന്നത്. ‘സേവ് അമേരിക്ക’ എന്ന മുന്നേറ്റത്തിനു മസ്കും രാമസാമിയും മുതൽക്കൂട്ടാവുമെന്ന് ഡോജിന്റെ പ്രഖ്യാപന സമയത്ത് ട്രംപ് പറഞ്ഞു. തന്റെ വിജയ പ്രസംഗത്തിൽ മസ്കിനെ വളരെയേറെ പ്രശംസിച്ച ട്രംപ്, ഒരു താരോദയമാണ് തന്റെ വിജയത്തിലൂടെ മസ്കിനെ സംബന്ധിച്ച് നടന്നതെന്ന് പറഞ്ഞിരുന്നു.