
എക്സിനെ എക്സ് എഐയ്ക്ക് വിറ്റ് ഇലോണ്‍ മസ്‌ക്
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ ഉടമസ്ഥാവകാശം തന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്സ് എഐക്ക് വിറ്റതായി ഇലോണ്‍ മസ്‌ക്. 33 ബില്യണ്‍ ഡോളറിന്റെ ഓള്‍ സ്റ്റോക്ക് ഡീലില്‍ 'എക്സി'നെ വിറ്റതായാണ് പ്രഖ്യാപനം. എക്സ് എഐയ്ക്ക് 80 ബില്യണ്‍ ഡോളറിന്റേയും എക്സിന് 33 ബില്യണ്‍ ഡോളറിന്റേയും മൂല്യം കണക്കാക്കിയായിരുന്നു ഡീല്‍.
രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച എക്സ് എഐ അതിവേഗം ലോകത്തെ മുന്‍നിര നിര്‍മിതബുദ്ധി ലാബുകളില്‍ ഒന്നായി മാറിയതായി അവകാശപ്പെട്ട മസ്‌ക് 60 കോടി ആക്ടീവ് യൂസര്‍മാരാണ് എക്സിലുള്ളതെന്നും എക്സിലൂടെ അറിയിച്ചു.
2022 ല്‍ 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ (എക്‌സ്) വാങ്ങിയത്. പിന്നീട് എക്‌സില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച അദ്ദേഹം ട്വിറ്റര്‍ എന്ന പേര് മാറ്റി എക്‌സ് എന്നാക്കി. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച ശേഷം ഉള്ളടക്കത്തിലും മാറ്റം വരുത്തി. രണ്ട് കമ്പനികളെയും ലയിപ്പിക്കുന്നത് കോടിക്കണക്കിന് ആളുകള്‍ക്ക് അറിവ് നേടുന്നതിന് സഹായകമാകുമെന്നാണ് മസ്‌കിന്റെ അഭിപ്രായം. എക്സ് എഐയുടെ കൃത്രിമ ബുദ്ധി വൈദഗ്ധ്യവും എക്സിന്റെ വിശാലമായ ഉപയോക്തൃ അടിത്തറയും ഇതിന് കരുത്തേകുമെന്നും മസ്‌ക് പറയുന്നു.


