.jpg)
ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുമെന്ന് ഇലോൺ മസ്ക്
റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കുമെന്ന് ഇലോൺ മസ്ക്. അടുത്ത ദിവസം പെൻസിൽവാലിയയിലെ ബട്ലറിൽ നടക്കുന്ന പ്രചാരണ റാലിയിൽ ട്രംപിനൊപ്പം പങ്കെടുക്കുമെന്നാണ് മസ്ക് പ്രഖ്യാപനം നടത്തിയത്. ജൂലൈയിൽ ട്രംപിനെതിരെ വധശ്രമം നടന്ന സ്ഥലമാണ് പെൻസിൽവാനിയയിലെ ബട്ലർ.
2017 മുതൽ 2021 വരെ അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രംപ്, നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും ഭരണം കയ്യടക്കാനുള്ള മുന്നൊരുക്കത്തിലാണ്. ട്രംപിനെ സംബന്ധിച്ച് ജയ-പരാജയ സാധ്യതകൾ വിലയിരുത്താൻ കഴിയാത്തൊരു സംസ്ഥാനമാണ് പെൻസിൽവാലിയ. അടുത്ത ദിവസങ്ങളിലായി ട്രംപിന്റെ മകനായ ജെറിക് ട്രംപും സുഹൃത്തും സെനറ്റ് അംഗവുമായ ജെഡി വാൻസും പ്രചാരണത്തിൽ പങ്കെടുക്കും.
നിങ്ങൾക്ക് പിന്തുണയുമായി ഞാൻ അവിടെ കാണുമെന്ന് മസ്ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ട്രംപിന്റെ പ്രചാരണ വീഡിയോയുടെ പ്രമോഷനിൽ റീട്വീറ്റ് ചെയ്തു. സ്പേസ് എക്സിന്റെയും ടെസ്ലയുടെയും സിഇഒ ഈയടുത്ത മാസങ്ങളിലായി ട്രംപുമായി നല്ല ബന്ധം പുലർത്തുന്നു. ട്രംപിനെതിരെ വെടിവെയ്‌പ്പുണ്ടായ ശേഷമാണ് തിരഞ്ഞെടുപ്പിൽ താൻ ട്രംപിനെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപനവുമായി മസ്ക് എത്തുന്നത്.
പ്രസിഡന്റ് ട്രംപിനെ പൂർണ്ണമായി പിന്തുണയ്ക്കുകയും അദ്ദേഹം അതിവേഗം സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നുവെന്നുമാണ് മസ്ക് അന്ന് എഴുതിയത്. രക്തസാക്ഷി ജീവിക്കുന്നുവെന്നും ട്രംപ് സുഖം പ്രാപിച്ചതിന് ശേഷം എഴുതി. ട്രംപിനെ പിന്തുണയ്ക്കുന്ന തരത്തിലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ വിമർശിക്കുന്ന തരത്തിലുമുള്ള പോസ്റ്റുകളും നിരന്തരം എക്സിൽ പങ്കുവയ്ക്കാൻ ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പിനോട് അടുക്കുന്തോറും മസ്ക് കൂടുതൽ രാഷ്ട്രീയമായ ഇടപെടലുകൾ നടത്തുന്നുണ്ട്.
നിലവിലെ ഡെമോക്രാറ്റിക് പ്രതിനിധികളായ ജോ ബൈഡനെയും കമല ഹാരിസിനെയും വധിക്കാൻ ആരും ശ്രമിക്കുന്നില്ലെന്ന് അർത്ഥമാക്കുന്ന തരത്തിൽ 'ആരും ശ്രമിക്കുന്നില്ല' എന്ന് എഴുതിയ പോസ്റ്റ് കഴിഞ്ഞ മാസമാണ് മസ്ക് എക്സിൽ നിന്ന് നീക്കം ചെയ്തത്. ആളുകൾക്ക് സന്ദർഭം മനസിലായില്ലെങ്കിൽ തമാശ തമാശയല്ലെന്ന് തോന്നാമെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം തന്റെ ഈ പരാമർശത്തെ നിസാരവത്കരിച്ചിരുന്നു.
ട്രംപിനെ പിന്തുണയ്ക്കാൻ താൻ അമേരിക്കയിലെ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയ്ക്ക് 45 മില്യൺ ഡോളർ സംഭാവന നൽകുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു. പരമ്പരാഗത കാർ വ്യവസായത്തെ ബാധിക്കുകയും തൊഴിലാളികൾക്ക് ദ്രോഹം ചെയ്യുന്നതായിട്ടും ശതകോടീശ്വരന്മാരുടെ ഇലക്ട്രിക് വാഹനനിർമ്മാണത്തെ പിന്തുണയ്ക്കുന്ന മസ്കിനെ താൻ അംഗീകരിക്കുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു.
ഓഗസ്റ്റിൽ ഇരുവരും ചേർന്നുള്ള അഭിമുഖം എക്സിൽ ടെലികാസ്റ്റ് ചെയ്തിരുന്നു, ജോലിസാഹചര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ട തന്റെ തൊഴിലാളികളെ പിരിച്ചുവിട്ട മസ്കിന്റെ നടപടി അഭിനന്ദനാർഹമാണെന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. സർക്കാരിന്റെ കാര്യക്ഷമത ഓഫീസിന്റെ തലവനായി മസ്കിനെ നിയമിക്കുമെന്ന വാഗ്ദാനവും ട്രംപ് നടത്തിയിരുന്നു.