PHOTO: FACEBOOK
ഇലോണ്‍ മസ്‌കിന് തിരിച്ചടിയായി കോടതിവിധി
ടെസ്‌ലയില്‍ നിന്നും ശമ്പളമായി 55 ബില്യൺ ഡോളറിലധികം ഇലോണ്‍ മസ്‌കിന് അനുവദിക്കാന്‍ സാധിക്കില്ലെന്ന് കോടതി വിധി. യു എസിലെ ഡെലവെയര്‍ കോടതിയാണ് ടെസ്‌ല സി ഇ ഒ യ്ക്ക് പ്രതികൂലമായ വിധി പറഞ്ഞത്. അഞ്ച് വര്‍ഷം മുന്‍പ് ടെസ്‌ല സി ഇ ഒ യ്ക്കും കമ്പനിയിലെ ഡയറക്ടര്‍മാര്‍ക്കുമെതിരെ ഒരു ടെസ്ല ഓഹരിയുടമ ഫയല്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ ഡെലവെയര്‍ കോടതിയിലെ ചാന്‍സലറായ കാതലീന്‍ മക്കോര്‍മിക് വിധി പറഞ്ഞിരിക്കുന്നത്.
ശമ്പളം നിര്‍ദേശിച്ചത് മസ്‌ക് തന്നെ
ടെസ്‌ലയില്‍ നിന്നും മസ്‌കിന് ലഭിക്കുന്ന ശമ്പളമുള്‍പ്പെടുന്ന കാര്യങ്ങള്‍ നിര്‍ദേശിച്ചത് മസ്‌ക് തന്നെയാണെന്നും സി ഇ ഒയ്ക്ക് അനുകൂലമായി നിലപാടുകളെടുക്കുന്ന ഡയറക്ടര്‍മാര്‍ ഇത് അംഗീകരിക്കുകയായിരുന്നുവെന്നും ഓഹരിയുടമകളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ശമ്പള പാക്കേജ് അനുവദിക്കുന്നതില്‍ ബോര്‍ഡിന് പിഴവ് സംഭവിച്ചതായി ജഡ്ജ് കാതലിന്‍ മാര്‍ക്കോമിക് വിധിക്കുകയും ചെയ്തു. ശമ്പളം സംബന്ധിച്ച് ഓഹരി ഉടമകളില്‍ നിന്ന് അനുമതി വാങ്ങിയിരുന്നുവെന്ന് തെളിയിക്കാന്‍ മസ്‌കിന്റെ അഭിഭാഷകന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.