
റോക്കറ്റിന്റെ ബൂസ്റ്റർ തിരിച്ചിറക്കി പുതുചരിത്രം രചിച്ച് ഇലോൺ മസ്കിന്റെ സ്പേസ്എക്സ്
ബഹിരാകാശവിക്ഷേപണ പരീക്ഷണങ്ങളിൽ പുതുചരിത്രം രചിച്ച് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ്. സ്പേസ്എക്സിന്റെ അഞ്ചാമത്തെ സ്റ്റാർഷിപ്പ് പരീക്ഷണവിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ ഫസ്റ്റ് സ്റ്റേജ് ബൂസ്റ്റർ ലോഞ്ച്പാഡിൽ തിരിച്ചിറക്കുന്നത് ഇതാദ്യമായാണ്. ഭീമാകാരമായ രണ്ട് മെറ്റൽ കൈകൾ ഉപയോഗിച്ചാണ് കൈകൾ കൊണ്ട് കൂട്ടിപ്പിടിക്കുന്നതിന് സമാനമായി റോക്കറ്റ് ബൂസ്റ്റർ തിരിച്ചിറക്കാനായത്.
ടെക്സസിലെ ബോക്ക ചിക്കയിലെ സ്പേസ്എക്സിന്റെ വിക്ഷേപണ കേന്ദ്രത്തിലായിരുന്നു യുഎസ് സമയം രാവിലെ 7.25ന് റോക്കറ്റ് വിക്ഷേപിച്ചത്. പടിഞ്ഞാറൻ ഓസ്ട്രേലിയയ്ക്ക് സമീപത്ത് നിന്ന് ബഹിരാകാശത്തേക്ക് പ്രവേശിക്കുന്ന റോക്കറ്റ് തിരിച്ച് വെള്ളത്തിലിറക്കാനുള്ള ശ്രമമാണ് നടത്തുക. 74 കിലോമീറ്റർ സഞ്ചരിച്ചതിനു ശേഷമാണ് സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ബൂസ്റ്റർ വേർപ്പെട്ട് കൊണ്ട് ലോഞ്ച്പാഡിലേക്ക് തിരികെയെത്തിയത്.
“ദി ടവർ ഹാസ് കോട്ട് ദി റോക്കറ്റ്“ എന്നാണ് ഇലോൺ മസ്ക് എക്സിലൂടെ പ്രതികരിച്ചത്. ഇതിന് മുന്നേ പരീക്ഷണവിക്ഷേപണത്തിന് ശ്രമിച്ച നാല് സ്റ്റാർഷിപ് റോക്കറ്റുകൾ 400 അടിയോളം ആകാശത്ത് സഞ്ചരിച്ച് പിന്നീട് തകരുന്ന സ്ഥിതിയാണുണ്ടായത്. കഴിഞ്ഞ ജൂണിൽ വിക്ഷേപിച്ച റോക്കറ്റാണ് ആദ്യമായി തകരാതെ സഞ്ചരിച്ചത്.
ഫ്ലൈറ്റ് ഡയറക്ടറുടെ അന്തിമതീരുമാനത്തിനെ ആശ്രയിച്ചായിരുന്നു ബൂസ്റ്റർ തിരിച്ചിറക്കണമോ വേണ്ടയോ എന്നത്. കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന കണ്ട്രോൾ ഉപയോഗിച്ചാണ് ബൂസ്റ്റർ തിരിച്ചിറക്കിയത്. ലോഞ്ച് ടവറും ബൂസ്റ്ററും മികച്ച നിലയിൽ നിലനിർത്താൻ കഴിഞ്ഞാൽ മാത്രമേ തിരിച്ചിറക്കൽ സാധ്യമാവുകയുള്ളൂ. അല്ലെങ്കിൽ മുൻപത്തെ റോക്കറ്റുകളെ പോലെ തന്നെ തകർന്നു വീഴുമായിരുന്നു. അതുമല്ലെങ്കിൽ കടലിൽ ഇറക്കേണ്ടി വരുമായിരുന്നു. പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റുകൾ വികസിപ്പിച്ചെടുക്കുക എന്നത് സ്പേസ്എക്സിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. അതിന് സഹായകമാവുന്നതാണ് ബൂസ്റ്ററിന്റെ തിരിച്ചിറക്കൽ.