
റോബോടാക്സികളെ അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്കിന്റെ ടെസ്ല
ടെസ്ലയുടെ റോബോടാക്സി പ്രോട്ടോടൈപ്പായ സൈബർകാബ് കാറുകൾ അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്കിന്റെ ടെസ്ല. കാലിഫോർണിയയിലെ വാർണർ ബ്രോസ് സ്റ്റുഡിയോസിൽ നടക്കുന്ന പരിപാടിയിലാണ് ഇലോൺ മസ്ക് ഡ്രൈവറില്ലാതെ സ്വയം ഓടുന്ന റോബോ ടാക്സി അവതരിപ്പിക്കുക.
ഇലോൺ മസ്കിന്റെ സ്വപ്നങ്ങളിലൊന്നാണ് ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാറുകൾ. റോബോടാക്സികളുടെ ഉടമസ്ഥർക്ക് വരുമാനമാവാനും, പല അപകടങ്ങൾ ഒഴിവാക്കാനും കഴിയുന്നതിലൂടെ ഒരുപാട് മനുഷ്യജീവനുകൾ രക്ഷിക്കാനാവുമെന്ന് മസ്ക് മുൻപേ പ്രവചിച്ചിരുന്നു. റോബോടാക്സികൾ എത്രത്തോളം വിജയിക്കുമെന്നും മസ്കിന്റെ അഭിലാഷങ്ങൾ നിറവേറ്റാൻ ടെസ്ലയ്ക്ക് എത്രത്തോളം സാധ്യമാകുമെന്നുമുള്ള സംശയങ്ങളാണ് പൊതുവിൽ ഉയരുന്നത്. കൂടാതെ ടാക്സിഡ്രൈവർ തൊഴിലാളികളെ ഇത് സാരമായി ബാധിക്കുമെന്നുള്ളതും ആശങ്കകളാണ് ഉയർത്തുന്നത്.
വർഷങ്ങൾക്ക് മുൻപ് തന്നെ തന്റെ ടെസ്ല കാറുകളിൽ ഡ്രൈവറില്ലാതെ സ്വയം ഓടാനുള്ള ശേഷി സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റിലൂടെ കൊണ്ടുവരുമെന്ന് ഇലോൺ മസ്ക് അവകാശപ്പെട്ടിരുന്നു. സൈബർട്രക്ക് അവതരിപ്പിച്ച അത് ഇനിയും നടപ്പിലാക്കാൻ കഴിയാത്തതാണ് ഇത്തരം സംശയങ്ങളുയരാനുള്ള കാരണം. ഓഗസ്റ്റിൽ അവതരിപ്പിക്കാൻ നിശ്ചയിച്ച സൈബർകാബ് ഒക്ടോബറിലേക്ക് നീട്ടിയതും ആളുകളിൽ സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. അവസാനനിമിഷം ചില മാറ്റങ്ങൾ തന്റെ ഭാഗത്ത് നിന്നുണ്ടായതിനാലാണ് ഒക്ടോബറിലേക്ക് പരിപാടി നീട്ടിയതെന്ന് മസ്ക് പറഞ്ഞു. വാഹനത്തിന്റെ മുൻഭാഗത്തെ ഡിസൈനിൽ താൻ നിർദ്ദേശിച്ച ചില മാറ്റങ്ങളും കൂടാതെ ഒക്ടോബർ ആവുമ്പോഴേക്കും പുതിയ ചില ഫീച്ചറുകൾ കാഴ്ചവെക്കാൻ കഴിയുമെന്നതിനാലാണ് പരിപാടി നീട്ടിവച്ചതെന്നും മസ്ക് അവകാശപ്പെട്ടു.