TMJ
searchnav-menu
post-thumbnail

TMJ Daily

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാം: ഹൈക്കോടതി

11 Apr 2025   |   1 min Read
TMJ News Desk

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിന് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഹൈക്കോടതി രജിസ്ട്രിയില്‍ 17 കോടി രൂപ കൂടി കെട്ടിവയ്ക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നേരത്തെ 26 കോടി രൂപ കെട്ടിവച്ചിരുന്നു.

ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറും ജസ്റ്റിസ് എസ് മനുവും അടങ്ങിയ ബെഞ്ച് ആണ് ഇടക്കാല ഉത്തരവിട്ടത്. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വില നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നുള്ള എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ഇടക്കാല ഉത്തരവിട്ട്. 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം.

നേരത്തെ 26 കോടി രൂപ കെട്ടിവച്ചശേഷം എസ്റ്റേറ്റ് ഭൂമി പ്രതീകാത്മകമായി ഏറ്റെടുക്കാന്‍ കോടതി സര്‍ക്കാരിനെ അനുവദിച്ചിരുന്നു.

ഹൈക്കോടതി രജിസ്ട്രിയുടെ വ്യവസ്ഥകളും നിബന്ധനകളും അനുസരിച്ച് സര്‍ക്കാര്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ എസ്റ്റേറ്റിന് സ്വാതന്ത്ര്യം ഉണ്ടെന്ന് കോടതി ഉത്തരവിട്ടു.

ഭൂമിയുടെ വില കണക്കാക്കാന്‍ സര്‍ക്കാര്‍ സുതാര്യമല്ലാത്തതും രഹസ്യവുമായ രീതി സ്വീകരിച്ചുവെന്ന് എസ്റ്റേറ്റ് ഹര്‍ജി പറയുന്നു. കൂടാതെ, ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വകുപ്പ് 21 പ്രകാരം നോട്ടീസ് നല്‍കാതെയാണ് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.






#Daily
Leave a comment