
പേജറുകള്‍ക്കും വാക്കി-ടോക്കികള്‍ക്കും വിലക്കേര്‍പ്പെടുത്തി എമിറേറ്റ്സ് എയര്‍ലൈന്‍
എമിറേറ്റ്സ് എയര്‍ലൈന്റെ വിമാനങ്ങളില്‍ പേജറും വാക്കിടോക്കിയും നിരോധിച്ചു. ഹാന്‍ഡ് ബാഗേജിലോ ലഗേജിലോ ഇവ കണ്ടെത്തിയാല്‍ പിടിച്ചെടുക്കും. ലബനനിലെ പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍, വിമാന സര്‍വീസുകളിലെ തടസ്സം തുടരുകയാണ്. മറ്റ് നിരവധി എയര്‍ലൈനുകളും ബെയ്റൂട്ടിലേക്കും മറ്റ് പ്രാദേശിക വിമാനത്താവളങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
സെപ്തംബര്‍ 19 മുതല്‍ ലെബനനിലെ ബെയ്‌റൂട്ട്-റാഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും പറക്കുന്ന വിമാനങ്ങളിലും പേജര്‍ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. 2024 ഒക്ടോബര്‍ 15 വരെ ബെയ്റൂട്ടിലേക്കും പുറത്തേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ദുബായ് വഴി യാത്ര ചെയ്യുന്നവര്‍ ഉള്‍പ്പെടെ ബെയ്റൂട്ടിലേക്കുള്ള യാത്രക്കാരുടെ ബുക്കിങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്വീകരിക്കില്ല.


