
എംപോക്സ് വാക്സിന്‍; ചൈനയില്‍ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ തുടങ്ങാന്‍ സാധ്യത
ചൈന ആഭ്യന്തരമായി വികസിപ്പിച്ച എംപോക്സ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ താമസിയാതെ തുടങ്ങുമെന്ന് കരുതുന്നു. ചൈനയിലെ നാഷ്ണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ സബ്സിഡിയറിയായ ഷാങ്ഹായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്സ് ആണ് ഓര്‍ത്തോപോക്സിനെ അടിസ്ഥാനമാക്കി വാക്സിന്‍ വികസിപ്പിച്ചത്. എംപോക്സ് അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കുമെന്ന് കമ്പനിയുടെ പ്രസ്താവന പറയുന്നു. ചൈനയില്‍ ഒരു വാക്സിന്‍ അംഗീകാരം നേടുന്നതിന് മൂന്ന് ഘട്ട പരീക്ഷണങ്ങളിലൂടെ കടന്നു പോകണം.
നിരവധി പഠനങ്ങളിലൂടെ വാക്സിന്റെ സുരക്ഷയും കാര്യപ്രാപ്തിയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വാക്സിന്റെ ഉത്പാദനരീതികള്‍ വിശ്വസ്തവും സുസ്ഥിരവുമാണെന്നും കമ്പനി അവകാശപ്പെടുന്നു. നിലവില്‍ ചൈനയില്‍ മറ്റ് അംഗീകൃത എംപോക്സ് വാക്സിനുകള്‍ ഇല്ല. ആഗോളതലത്തില്‍ അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, റഷ്യ എന്നിവടങ്ങളിലും ഏതാനും വാക്സിനുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2022 ജനുവരിക്കും 2024 ഓഗസ്റ്റിനുമിടയില്‍ 120-ലധികം രാജ്യങ്ങളില്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തോളം എംപോക്സ് കേസുകളും 220 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടന ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലും (ഡിആര്‍സി) അയല്‍രാജ്യങ്ങളിലും കാണപ്പെട്ട എംപോക്സിനെ ആഗോള തലത്തില്‍ തന്നെയുള്ള പൊതുജനാരോഗ്യ പ്രശ്‌നമായി ഓഗസ്റ്റ് 14 ന് പ്രഖ്യാപിച്ചു. ഒരു വൈറസിന്റെ ആവിര്‍ഭാവവും വ്യാപനവും കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഉയര്‍ന്ന അലേര്‍ട്ട് ആയിരിന്നു അത്. ഡിആര്‍സി ഇതിനെ ക്ലേഡ് ബി1 എന്നാണ് നാമകരണം ചെയ്തത്.
നിലവില്‍ എംപോക്സ് ഡിആര്‍സിയില്‍ ആണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും ലോകവ്യാപകമാകാന്‍ സാധ്യതയുണ്ടെന്ന് ഷെന്‍ഷെനിലെ തേര്‍ഡ് പീപ്പിള്‍സ് ഹോസ്പിറ്റല്‍ മേധാവി ലു ഹോങ്ഷു പറയുന്നു. നിലവിലെ പ്രതിരോധ നിയന്ത്രണ നടപടികളും ഗാര്‍ഹിക പകര്‍ച്ചവ്യാധി സംവിധാനവും അടിസ്ഥാനമാക്കി ചൈനയില്‍ എംപോക്സ് വ്യാപിക്കാനുള്ള സാധ്യത കുറവാണെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ലു ഹോങ്ഷു കൂട്ടിചേര്‍ത്തു.