
എമ്പുരാൻ: സുരേഷ് ഗോപിക്ക് നന്ദി എന്ന ക്രെഡിറ്റ് ഒഴിവാക്കി
എമ്പുരാനില്‍ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണെന്നും കേന്ദ്ര മന്ത്രിയും സിനിമ നടനുമായ സുരേഷ് ഗോപി പ്രതികരിച്ചു. സിനിമയില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമര്‍ശം കാരണം നായകനായ മോഹന്‍ലാലിനും പൃഥ്വിരാജിനും മറ്റുമെതിരെ സംഘപരിവാര്‍ ശക്തമായ ആക്രമണം നടത്തുന്നത് തുടരുമ്പോഴാണ് വിവാദം കച്ചവടമാണെന്ന് ബിജെപി മന്ത്രിയുടെ പ്രതികരണം.
ആളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുകയാണെന്നും എല്ലാ കച്ചവടമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കഴിഞ്ഞ ദിവസം വിവാദത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ നല്ല കാര്യങ്ങള്‍ സംസാരിക്കൂ എന്നാണ് സുരേഷ് പ്രതികരിച്ചിരുന്നത്.
അതേസമയം, സിനിമയുടെ നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയുടെ പേര് പിന്നണിപ്രവര്‍ത്തകര്‍ നീക്കം ചെയ്തു. സിനിമയില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമ സീനുകള്‍ പൂര്‍ണമായും ഒഴിവാക്കി. കൂടാതെ, മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന ദൃശ്യവും ഒഴിവാക്കി. എന്‍ഐഎയെക്കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്തു. പ്രധാന വില്ലന്റെ പേര് ബജ്‌റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കി മാറ്റി. ആകെ 24 എഡിറ്റിംഗുകള്‍ നടത്തിയിട്ടുണ്ട്.
ആരുടേയും സമ്മര്‍ദ്ദമില്ലാതെയാണ് എഡിറ്റിംഗ് നടത്തുന്നതെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. രണ്ട് മിനിറ്റോളം ഭാഗങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.