
എമ്പുരാന്‍ വെട്ടുന്നത് 2 മിനിറ്റ്, മൂന്നാം ഭാഗം വരും: ആന്റണി പെരുമ്പാവൂര്‍
എമ്പുരാനില്നിന്നും രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു നീക്കിയെന്നും എഡിറ്റഡ് വെര്‍ഷന്‍ ഇന്ന് തന്നെ തിയേറ്ററുകളില്‍ എത്തിക്കാനാണ് ശ്രമമെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
എഡിറ്റിങ് ജോലികള്‍ നടക്കുന്നതേയുള്ളൂവെന്നും ധാരാളം സമയം എഡിറ്റ് ചെയ്ത് നീക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റീഎഡിറ്റിങ് നടത്തിയത് ആരുടേയും സമ്മര്‍ദ്ദം മൂലമല്ലെന്നും ആരുടേയും ഭീഷണിയായി ഇതിനെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് ശരിയാണെന്ന് തോന്നിയ കാര്യം ചെയ്തു. അതിനെ വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാര്‍ട്ടിക്കല്ല, ഒരു വ്യക്തിക്ക് സങ്കടമുണ്ടായാല്‍ പോലും അതിനെ പരിഗണിക്കേണ്ടത് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്നും നാളെ ഒരു സമയത്ത് വേറെ ഒരു പാര്‍ട്ടിക്ക് വിഷമം ഉണ്ടായാലും മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എമ്പുരാന്‍ മോഹന്‍ലാല്‍ കണ്ടിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചിത്രം മോഹന്‍ലാല്‍ കണ്ടില്ലെന്നും പൃഥ്വിരാജ് ലാലിനെ വഞ്ചിക്കുകയായിരുന്നുവെന്നുമുള്ള ആരോപണം ഉയര്‍ന്നിരുന്നു. ലാലിന് സിനിമയുടെ കഥ അറിയാം. തനിക്കറിയാം. അറിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തങ്ങളാരും അത് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഇതേക്കുറിച്ചുള്ള വിശദീകരണമായി പറഞ്ഞു.
ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി വിവാദങ്ങളില്‍ പ്രതികരിക്കാത്തതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ആന്റണി പറഞ്ഞു. സിനിമയുടെ എഡിറ്റിങ് സംബന്ധിച്ച് വിയോജിപ്പുകള്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നും എല്ലാവരുടേയും സമ്മതം അതിനാവശ്യമാണെന്നും സമ്മതത്തോടെ തന്നെ ചെയ്യുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുരളി ഗോപി മോഹന്‍ലാലിന്റെ ഖേദപ്രകടന പോസ്റ്റ് ഷെയര്‍ ചെയ്തില്ലെങ്കിലും സമ്മതമുണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് ആന്റണി പറഞ്ഞു.
വിവാദം തിരിച്ചടിയാണെന്ന് കരുതുന്നില്ല. ഇതിനെ പോസിറ്റീവായി എടുത്താല്‍ മതി. പ്രശ്‌നങ്ങള്‍ അവസാനിച്ചല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള തലത്തില്‍ 200 കോടി രൂപ കളക്ഷന്‍ ലഭിച്ചുവെന്ന് ആന്റണി പറഞ്ഞു. എമ്പുരാന്റെ മൂന്നാം ഭാഗം തീര്‍ച്ചയായും വരുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ഈ സിനിമ നിര്‍മ്മിക്കണമെന്നത് ഒരുമിച്ചെടുത്ത തീരുമാനമാണെന്നും ആന്റണി പറഞ്ഞു.