
എമ്പുരാന്‍ തമിഴ്‌നാട്ടില്‍ നിരോധിക്കണം: വൈക്കോ
മോഹന്‍ലാല്‍ നായകനായ എമ്പുരാനെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. മുല്ലപ്പെരിയാര്‍ വിഷയം പ്രതിപാദിക്കുന്നതിനാല്‍ തമിഴ്‌നാട്ടില്‍ എമ്പുരാന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് എംഡിഎംകെ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ വൈക്കോ രംഗത്തെത്തി.
മുല്ലപ്പെരിയാര്‍ സുരക്ഷിതമല്ലെന്നാണ് സിനിമയില്‍ ചിത്രീകരിക്കുന്നതെന്ന് വൈക്കോ ആരോപിച്ചു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നിക്ഷിപ്ത താല്‍പര്യങ്ങളോടെ കേരളത്തിലെ ജനങ്ങളില്‍ പേടി വളര്‍ത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുല്ലപ്പെരിയാര്‍ തകര്‍ക്കണമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നതെന്ന് വൈക്കോ ആരോപിക്കുന്നു.
ബ്രിട്ടീഷുകാര്‍ തിരുവിതാംകൂര്‍ രാജാവിനെ നിര്‍ബന്ധിച്ച് 999 വര്‍ഷത്തെ കരാറില്‍ ഒപ്പ് ഇടുവിച്ചുവെന്നാണ് സിനിമയിലെ സംഭാഷണം പറയുന്നതെന്നും വൈക്കോ പറഞ്ഞു.
സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഡാം സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളതാണെന്ന് വൈക്കോ ചൂണ്ടിക്കാണിച്ചു.