PHOTO: PTI
ഏറ്റുമുട്ടല്‍ കൊലപാതകം; യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി
കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഉത്തര്‍ പ്രദേശില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്തെ 183 കൊലപാതകങ്ങളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ആറാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനാണ് സംസ്ഥാന അഡ്വക്കേറ്റ് ജനറലിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് അരവിന്ദ് കുമാര്‍, എന്നിവരടങ്ങിയ ബെഞ്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണത്തിന് പൊതു മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
കൊലപാതകങ്ങള്‍ തുടര്‍ക്കഥ
ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ആള്‍കൂട്ട കൊലപാതകങ്ങളും ഉത്തര്‍ പ്രദേശില്‍ തുടര്‍ക്കഥയാണ്. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ നടന്നത് 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍. 183 ക്രിമിനലുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായി സംസ്ഥാന പൊലീസ് തന്നെ പറയുന്നു. ഏറ്റവും അവസാനം ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകമാണ് ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദിന്റെയും സഹായി ഗുലാമിന്റെയും. ഇരുവരേയും ജീവനോടെ പിടികൂടാനായിരുന്നു ശ്രമമെന്നും എന്നാല്‍ രണ്ടുപേരും പൊലീസിനുനേരെ നിറയൊഴിച്ചെന്നുമാണ് പൊലീസിന്റെ വാദം. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് വഴിതിരിക്കാനുള്ള വ്യാജ ഏറ്റുമുട്ടലുകളാണ് പൊലീസ് ഉത്തര്‍ പ്രദേശില്‍ നടത്തുന്നതെന്ന് അതീഖ് അഹമ്മദിന്റെ മകന്റെ കൊലപാതകത്തെ തുടര്‍ന്ന് അഖിലേഷ് യാദവ് ഉള്‍പ്പെടെ പല നേതാക്കളും വിമര്‍ശിച്ചിരുന്നു. പിന്നീട് അതീഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും വേടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. പ്രയാഗ് രാജില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേനയാണ് അക്രമികള്‍ ഇരുവരേയും വെടിവെച്ച് കൊലപ്പെടുത്തിയത്.