TMJ
searchnav-menu
post-thumbnail

തില്ലു താജ്പുരി | Photo : Twitter

TMJ Daily

തിഹാര്‍ ജയിലില്‍ ഏറ്റുമുട്ടല്‍; ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

02 May 2023   |   1 min Read
TMJ News Desk

രാജ്യത്തെ അതീവ സുരക്ഷാ ജയിലായി കണക്കാക്കപ്പെടുന്ന തിഹാര്‍ ജയിലില്‍ തടവുകാരായ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. ഡല്‍ഹി രോഹിണി കോടതി വെടിവെയ്പ്പ് കേസിലെ പ്രതിയായ തില്ലു താജ്പുരിയയാണ് കൊല്ലപ്പെട്ടത്. 

ഷാര്‍പ്പ് ഷൂട്ടറായ യോഗേഷ് തുണ്ടയും കൂട്ടാളി ദീപക് ടീറ്ററും ചേര്‍ന്ന് തില്ലു താജ്പുരിയയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇരുമ്പുവടികൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ താജ്പുരിയെ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

രോഹിണി കോടതി വെടിവെയ്പ്പ് 

2021 സെപ്തംബര്‍ 24 ന് അഭിഭാഷക വേഷം ധരിച്ച് രോഹിണി കോടതിയിലെത്തിയ രണ്ട് അക്രമികള്‍ ജഡ്ജിയുടെ മുന്നില്‍ വച്ച് ജിതേന്ദ്ര ജോഗി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു ജിതേന്ദ്ര ജോഗി. ജോഗി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. എന്നാല്‍, പോലീസിന്റെ തിരിച്ചടിയില്‍ രണ്ട് അക്രമികളും കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് ഭാഗ്പഥ് സ്വദേശിയായ രാഹുല്‍, ഡല്‍ഹി ബക്കാര്‍വാലാ സ്വദേശി മോറിസ് എന്നിവരാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. ഇവരില്‍ ഒരാള്‍ പിടികിട്ടാപ്പുള്ളിയായിരുന്നു. സംഭവത്തിന്റെ പ്രധാന സൂത്രധാരന്‍ മണ്ഡോലി ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന തില്ലു താജ്പുരിയ ആണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. 

തില്ലു താജ്പുരിയ

ഡല്‍ഹി നഗരത്തിലെ പ്രമുഖ ഗുണ്ടാ നേതാവാണ് ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. തിഹാര്‍ ജയിലില്‍ നിന്ന് ഗുണ്ടാ നേതാക്കളായ നവീ ബാലി, കൗശല്‍, നീരജ് ബവാനിയ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് തില്ലു താജ്പുരിയ ഗുണ്ടാസംഘത്തെ പ്രവര്‍ത്തിപ്പിച്ചിരുന്നത്. താജ്പുരിയയുടെ പ്രധാന എതിര്‍ സംഘമായിരുന്നു ജിതേന്ദര്‍ ജോഗിയുടേത്. ഇയാളുടെ സംഘാംഗങ്ങളാണ് ഇപ്പോള്‍ തില്ലു താജ്പുരിയയ്‌ക്കെതിരെ ജയിലില്‍ ആക്രമണം നടത്തിയത്. പത്തുവര്‍ഷത്തോളം ഡല്‍ഹിയില്‍ വിഹരിച്ച ഈ ഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങളില്‍ ഇരുപതില്‍ അധികം പേരാണ് നഗരത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍, കാര്‍ മോഷണം തുടങ്ങിയവയാണ് ഇവര്‍ക്ക് എതിരായ പ്രധാന ആരോപണങ്ങള്‍.

 

#Daily
Leave a comment