TMJ
searchnav-menu
post-thumbnail

എം.എം മണി | PHOTO: WIKI COMMONS

TMJ Daily

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു; റവന്യൂ വകുപ്പിനെതിരെ എംഎം മണി 

19 Oct 2023   |   1 min Read
TMJ News Desk

ടുക്കി ചിന്നക്കനാലിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് റവന്യൂ ദൗത്യ സംഘം. ചിന്നക്കനാല്‍-ആനയിറങ്കല്‍ മേഖലയില്‍ സ്വകാര്യ വ്യക്തി കയ്യേറിയ അഞ്ചേക്കര്‍ ദൗത്യസംഘം ഒഴിപ്പിച്ചു. സിങ്കുക്കണ്ടത്ത് ടിജു എന്നയാള്‍ കയ്യേറിയ ഭൂമിയാണ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്. ഭൂമിയിലെ ഏലകൃഷി വെട്ടിനശിപ്പിക്കില്ലെന്ന് ദൗത്യസംഘം അറിയിച്ചു. ഒഴിപ്പിച്ച സ്ഥലത്ത് ദൗത്യസംഘം സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. 

ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. ജില്ലാ കളക്ടര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട സ്ഥലത്തെ കയ്യേറ്റമാണ് ഒഴിപ്പിച്ചത്. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണുന്നുവെന്നും കയ്യേറ്റങ്ങള്‍ക്കെതിരെയാണ് നടപടിയെന്നും റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു. അഞ്ചുസെന്റില്‍ കുറവുള്ളവരുടെ ഭൂമി പിടിച്ചെടുക്കില്ലെന്നും വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ മാത്രമാണ് നടപടി. മരിച്ചാല്‍ കുഴിച്ചിടാന്‍ ആറടി മണ്ണുപോലും സ്വന്തമല്ലാത്ത ജനതയെ ഏതെങ്കിലും വിധത്തില്‍ കയ്യേറ്റക്കാരെന്നു പറഞ്ഞ് ഒഴിപ്പിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ പക്ഷത്തുനിന്നും ഉണ്ടായിട്ടില്ലെന്നും റവന്യൂമന്ത്രി പ്രതികരിച്ചു. 

പ്രതിഷേധവുമായി നാട്ടുകാര്‍ 

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ ചിന്നക്കനാലില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നു. ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കി റവന്യൂ വകുപ്പ് അധികൃതര്‍ മടങ്ങിയതിനു പിന്നാലെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. ഏലത്തോട്ടം ഒഴിപ്പിക്കുന്ന ദൗത്യസംഘം വന്‍കിട കയ്യേറ്റങ്ങള്‍ കാണുന്നില്ലെന്ന് ജനങ്ങള്‍ പറഞ്ഞു. തോടുകള്‍ കെട്ടിയടച്ച് കെട്ടിടം പണിയുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നില്ല. കളക്ടര്‍ റെഡ് സോണ്‍ പ്രഖ്യാപിച്ച ചിന്നക്കനാലിലെ പല സ്ഥലങ്ങളിലും കെട്ടിടം പണി തുടരുകയാണ്. 

വിമര്‍ശനവുമായി എംഎം മണി

റവന്യൂ വകുപ്പിന്റെ ഒഴിപ്പിക്കല്‍ നടപടിയെ എംഎം മണി എംഎല്‍എ വിമര്‍ശിച്ചു. മൂന്നാറിലേക്ക് കുടിയേറിയവരെ കയ്യേറ്റക്കാരെന്ന് വിളിക്കരുത്. മൂന്നാറില്‍ ന്യായമായ ഭൂമി കൈവശംവച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുത്. കയ്യേറ്റം ഒഴിയാന്‍ നോട്ടീസ് കിട്ടിയവര്‍ അവരുടെ ഭൂമി നിയമപരമാണെങ്കില്‍ കോടതിയില്‍ പോകണമായിരുന്നു. ദൗത്യസംഘം കയ്യേറ്റം ഒഴിപ്പിക്കുന്നതിനു മുമ്പ് റദ്ദാക്കിയ പട്ടയം അടയം തിരികെ കൊടുക്കാന്‍ തയ്യാറാകണം. അല്ലാതെയുള്ള നടപടികള്‍ ശുദ്ധഅസംബന്ധമാണെന്നും എംഎം മണി പറഞ്ഞു.


#Daily
Leave a comment