TMJ
searchnav-menu
post-thumbnail

TMJ Daily

മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജിന്റെ വീടുകളിൽ ഇഡി പരിശോധന

08 Oct 2025   |   2 min Read
TMJ News Desk

ഭൂട്ടാനിൽ നിന്നുള്ള കാർ കടത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രമുഖ സിനിമ താരങ്ങളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നു. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും, ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ ഭവനം, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.

ഭൂട്ടാൻ, നേപ്പാൾ വഴി ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സിൻഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് ഇഡി അറിയിച്ചത്.

കോയമ്പത്തൂർ ആസ്ഥാനമായുള്ള ശൃംഖലയാണ് വ്യാജ രേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പിന്  പിന്നിലെന്ന് സംശയിക്കുന്നു. ഇന്ത്യൻ ആർമി, യുഎസ് എംബസി, എംഇഎ എന്നിവയുടെ വ്യാജ രേഖകൾ ഉപയോഗപ്പെടുത്തിയതായും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വ്യാജ ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചത് പ്രാഥമികമായി കണ്ടെത്തി. പിന്നീട് വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഇത് ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി നടപടി ആരംഭിച്ചത്. അനധികൃത വിദേശനാണ്യ ഇടപാടുകളും, ഹവാല വഴിയുള്ള അതിർത്തി കടന്നുള്ള പണം കൈമാറ്റവും ഇതിൽ ഉൾപ്പെടുന്നു.

എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് പരിശോധന. സിനിമാ താരങ്ങളുടെ വസതികൾക്ക് പുറമെ ചില വാഹന ഉടമകൾ, ഓട്ടോ വർക്ക് ഷോപ്പുകൾ, വ്യാപാരികൾ എന്നിവയുൾപ്പെടെ 17 സ്ഥലങ്ങളിലാണ് പരിശോധനയെന്നും ഇഡി അറിയിച്ചു.

നേരത്തെ കസ്റ്റംസ് ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി പിടിച്ചെടുത്തത് 33 വാഹനങ്ങളാണ്. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ട് ദുൽഖർ സൽമാന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കേസില്‍ കോടതി ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചു. ദുൽഖറിന്‍റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

ദുൽഖറിൽ നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിട്ടുണ്ടെന്നും അവ ദുൽഖർ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. അതേസമയം, കസ്റ്റംസ് അഭിഭാഷകനോട് കോടതി ചില ചോദ്യങ്ങള്‍ ചോദിച്ചു. വർഷങ്ങളായി ഒരാളുടെ കൈവശമുള്ള വാഹനമാണ് പിടിച്ചെടുത്തത്. പല കൈകളിലൂടെ കൈമാറി വന്ന വാഹനമാണ് ഇത്. ഒടുവിൽ എത്തിയ ഉടമയാണ് ദുൽഖർ സൽമാന്‍. ആരാണ് ഇതിൽ യഥാർത്ഥ ഉത്തരവാദി എന്നും കോടതി ചോദിച്ചു. ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയത് എന്നും കോടതി ചോദിച്ചു.

#Daily
Leave a comment