
വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി
കോഴിക്കോടിനേയും വയനാടിനേയും ബന്ധിപ്പിച്ചു കൊണ്ട് താമരശ്ശേരി ചുരത്തിന് ബദലായി നിര്‍മ്മിക്കുന്ന ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാതയ്ക്ക് പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 വ്യവസ്ഥകളോടെയാണ് 2,134 കോടി രൂപ നിര്‍മ്മാണ ചെലവ് വരുന്ന പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിനേയും ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയേയും ബന്ധിപ്പിച്ചാണ് പാത നിര്‍മ്മിക്കുന്നത്.
മാര്‍ച്ച് ഒന്നാം തിയതി വിദഗ്ദ്ധ സമിതി യോഗം ചേര്‍ന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
തുരങ്കപാത നിര്‍മ്മാണം പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ ഉചിതമായ സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ച് നിര്‍മ്മിക്കണം, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്‌കെയില്‍ മാപ്പിങ് നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, തുരങ്കപാതയുടെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കുന്നതിന് കാലാവസ്ഥാ നിരീക്ഷണ സ്റ്റേഷനുകള്‍ സ്ഥാപിക്കണം, ഭൂമിയുടെ ഘടന അനുസരിച്ച് തുരങ്കനിര്‍മ്മാണ രീതികള്‍ തിരഞ്ഞെടുക്കണം, കളക്ടര്‍ ശുപാര്‍ശ ചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്ദ്ധ സമിതി രൂപീകരിക്കണം, അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കാന്‍ 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കണം, വംശനാഷഭീഷണി നേരിടുന്ന ബാണാസുര ചിലപ്പന്‍ എന്ന പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കണം, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മ്മാണം നടത്തണം, തുരങ്കത്തിനുള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവച്ചിട്ടുള്ളത്.
ഓരോ ആറുമാസവും യോഗം ചേര്‍ന്ന് ഈ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം.
തുരങ്കം നിര്‍മ്മിക്കുന്നതിന് കരാര്‍ ലഭിച്ച ദിലീപ് ബില്‍ഡ് കോണ്‍ ലിമിറ്റഡും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിന് കരാര്‍ ലഭിച്ച റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയും ഈ നിബന്ധനകള്‍ സമ്മതിച്ചിട്ടുണ്ട്.