
ഇപി ജയരാജന്റെ ആത്മകഥ: ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്നും ആണെന്ന് അന്വേഷണ റിപ്പോര്‍ട്ട്
സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥയുടെ ഉള്ളടക്കമെന്ന നിലയില്‍ ചില ഭാഗങ്ങള്‍ ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്നാണെന്നും കേസ് പൊലീസിന് അന്വേഷിക്കാന്‍ ആകില്ലെന്നും കോട്ടയം എസ് പിയുടെ റിപ്പോര്‍ട്ട്. ഡിസിയുടെ പബ്ലിക്കേഷന്‍സ് മേധാവിയായ ശ്രീകുമാറാണ് ഈ ഭാഗങ്ങള്‍ പുറത്തുവിട്ടതെന്നും പൊലീസ് കണ്ടെത്തി. നിലവില്‍ ഡിസി ബുക്‌സ് ശ്രീകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.
ആത്മകഥാ ചോര്‍ച്ച പകര്‍പ്പവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ പൊലീസിന് നേരിട്ട് കേസെടുത്ത് അന്വേഷിക്കാനാകില്ല. ആത്മകഥ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ജയരാജനും ഡിസിയും തമ്മില്‍ കൃത്യമായ കരാര്‍ ഉണ്ടായിരുന്നില്ല. എങ്കിലും എങ്ങനെയാണ് ആത്മകഥയുടെ ഭാഗങ്ങള്‍ ഡിസി ബുക്‌സിലേക്ക് എത്തിയതെന്ന് അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് ജയരാജന്റെ ആത്മകഥയെന്ന പേരില്‍ മാധ്യമങ്ങളില്‍ ഒരു പുസ്തകത്തിന്റെ ഭാഗങ്ങളെത്തിയത്. കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്നായിരുന്നു ആത്മകഥയുടെ പേര്.
ഈ പുസ്തകഭാഗങ്ങള്‍ പ്രചരിക്കപ്പെട്ടത് അന്വേഷിക്കണമെന്ന് ജയരാജന്‍ നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി കോട്ടയം എസ്പിയെ സംഭവം അന്വേഷിക്കാന്‍ എര്‍പ്പെടുത്തിയത്. എസ്പി ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടുതല്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി മടക്കി അയച്ചിരുന്നു.


