
ഇപിയുടെ ആത്മകഥാ ചോര്‍ച്ച: കേസെടുക്കാന്‍ എഡിജിപി നിര്‍ദ്ദേശം നല്‍കി
സിപിഐഎം നേതാവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്റെ ആത്മകഥ ചോര്‍ന്ന വിഷയത്തില്‍ കേസെടുക്കാന്‍ എഡിജിപി കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റല്‍ പകര്‍പ്പ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട ഐടി ആക്ടും ചുമത്തും.
കേസില്‍ പ്രതിയാകാന്‍ സാധ്യത ഡിസി ബുക്‌സിന്റെ പ്രസിദ്ധീകരണ വിഭാഗം മാനേജരായ ശ്രീകുമാറാണ്. നിലവില്‍ ഇയാളെ ഡിസി ബുക്‌സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
നേരത്തെ, ആത്മകഥ ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്നാണെന്ന് കണ്ടെത്തി കോട്ടയം എസ് പി ഷാഹുല്‍ ഹമീദ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, പകര്‍പ്പവകാശ നിയമ പരിധിയില്‍ വരുന്നതിനാല്‍ കേസെടുക്കാന്‍ ആകില്ലെന്നും പറഞ്ഞിരുന്നു. ഇപി നേരിട്ട് കോടതിയില്‍ പോകുകയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്താല്‍ മാത്രമേ കേസെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍, അത്തരമൊരു പരാമര്‍ശം ഇല്ലാതെ കേസെടുക്കാനാണ് എഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.