TMJ
searchnav-menu
post-thumbnail

റജബ് ത്വയ്യിബ് എർദോഗൻ | Photo: Twitter

TMJ Daily

തുർക്കിയിൽ വീണ്ടും എർദോഗൻ

29 May 2023   |   5 min Read
TMJ News Desk

തിരാളി കെമാൽ കിലിച് തരോലുവിനെ പരാജയപ്പെടുത്തി തുർക്കിയിൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തി റജബ് ത്വയ്യിബ് എർദോഗൻ. 53.41 % വോട്ടുനേടിയാണ് വിജയം. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി സ്ഥാനാർത്ഥിയായിരുന്ന കെമാലിന് 46.59 % വോട്ടാണ് ലഭിച്ചത്. ഇസ്താംബുളിൽ ജനങ്ങളെ അഭിസംബോധന ചെയ്ത എർദോഗൻ ഒപ്പം നിന്ന എല്ലാ വോട്ടർമാർക്കും നന്ദി അറിയിച്ചു. മെയ് 14 ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് രണ്ടാംവട്ട വോട്ടെടുപ്പ് നടത്തിയത്. രണ്ടുപതിറ്റാണ്ടായി എർദോഗൻ തുർക്കിയിൽ ഭരണത്തിൽ തുടരുകയാണ്. നാലാം തവണയാണ് എർദോഗനെതിരെ കെമാൽ മത്സരിച്ച് തോൽക്കുന്നത്. 

തുർക്കിയിൽ ഭരണകൂടത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നു വന്നത്. അതുകൊണ്ട് തന്നെ ഫലപ്രവചനങ്ങൾ എർദോഗന് എതിരായിരുന്നു. എന്നാൽ 6 സംയുക്ത പാർട്ടികളുടെ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടും കെമാലിന് വിജയിക്കാനായില്ല. എർദോഗനെതിരായി നിലനിൽക്കുന്ന ജനരോഷം തങ്ങളുടെ വിജയത്തെ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിപക്ഷം തെരഞ്ഞെടുപ്പ് നേരിട്ടത്. തങ്ങൾ ഭരണത്തിലെത്തിയാൽ പാർലമെന്ററി സംവിധാനം തിരികെ കൊണ്ടുവരുമെന്നും, കേന്ദ്ര ബാങ്കിന്റെ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ച് സമ്പദ്ഘടനയെ രക്ഷിക്കുമെന്നും അവർ വാഗ്ദാനം ചെയ്തിരുന്നു. മതേതരത്വത്തിന്റെ വലിയ പാരമ്പര്യമുള്ള രാജ്യമാണ് തുർക്കി. എന്നാൽ ഇപ്പോൾ ഏകാധിപത്യത്തിന്റെയും മതരാഷ്ട്ര വാദത്തിന്റെയും തേർവാഴ്ചയാണ് അവിടെ കാണാനാവുക. എർദോഗൻ മുന്നോട്ടുവെക്കുന്ന പോപ്പുലറിസത്തെയും വർഗ്ഗീയതയെയും പരാജയപ്പെടുത്താൻ ഈ തെരഞ്ഞെടുപ്പിൽ സാധിക്കും എന്നാണ് കെമാലും കൂട്ടരും കരുതിയിരുന്നത്. തുർക്കിയുടെ ദേശീയ രാഷ്ട്രീയത്തിൽ അജയ്യനായി തുടരുന്ന പ്രസിഡന്റ് എർദോഗന്റെ ആയുധം മതാധിഷ്ഠിത ദേശീയവാദമാണ്. മാത്രമല്ല, തുർക്കിയുടെ രാഷ്ട്രീയ സംവിധാനങ്ങളെയെല്ലാം തന്റെ കൈപ്പിടിയിൽ ഒതുക്കാനും എർദോഗന് കഴിഞ്ഞിട്ടുണ്ട്. 2018 ൽ രാജ്യത്തെ പാർലമെന്ററി ഭരണ രീതിയെ പ്രസിഡൻഷ്യൽ രീതിയിലേക്കു മാറ്റുന്നതിലും എർദോഗൻ വിജയിച്ചു. 95 വർഷമായി രാജ്യം പിന്തുടർന്നു പോരുന്ന പാർലമെന്ററി രീതി അവസാനിക്കുകയും പ്രധാനമന്ത്രി സ്ഥാനം ഇല്ലാതാവുകയും ചെയ്തതോടെ എർദോഗന്റെ കയ്യിലെ അധികാരങ്ങളും വർദ്ധിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം രാജ്യത്തെ വലിയ രീതിയിൽ മതപരമായ ചേരിതിരിവും ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമങ്ങളും വർധിക്കുകയാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല, പൗരാവകാശം, മാധ്യമ സ്വാതന്ത്ര്യം എന്നിവയിൽ വലിയ ഇടിവുണ്ടാവുകയും ചെയ്തു.

റജബ് ത്വയ്യിബ് എർദോഗൻ; തുർക്കി രാഷ്ട്രീയത്തിലെ അതികായൻ

1954 ൽ ഇസ്താംബുളിൽ ജനിച്ച എർദോഗൻ തുർക്കി രാഷ്ട്രീയത്തിൽ അധികാര വാഴ്ച തുടങ്ങിയിട്ട് 20 വർഷങ്ങളാകുന്നു. പ്രധാനമന്ത്രി കസേരയിലും പ്രസിഡന്റ് കസേരയിലും എർദോഗൻ മാറിമാറിയിരുന്ന് ഭരിച്ചു. 1994 മുതൽ 1998 വരെ ഇസ്താംബുൾ മേയറായും 2013 മുതൽ 2014 വരെ തുർക്കി പ്രധാനമന്ത്രിയായും. പിന്നീടിങ്ങോട്ട് പ്രസിഡന്റായും ഭരണം നടത്തി. ഒരവസരത്തിൽ ഇത് ഏകാധിപത്യത്തിലേക്ക് നയിച്ചു. ആരാണ് എർദോഗൻ ? പരിഷ്‌കരണവാദിയായ നേതാവിൽ നിന്ന് ഏകാധിപതിയായ നേതാവിലേക്കുള്ള അയാളുടെ വളർച്ച എങ്ങനെയായിരുന്നു? 

ഹൈസ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതൽ എർദോഗൻ ഒരു പ്രഭാഷകനായിരുന്നു. അക്കാലത്ത് ഇസ്ലാമിക പ്രഭാഷകനായി അദ്ദേഹം അറിയപ്പെട്ടു. കടുത്ത ഇസ്ലാമിസ്റ്റായ എർദോഗൻ മതപരമായ രാഷ്ട്രീയ പാർട്ടികൾക്ക് തുർക്കിയിൽ നിരോധനം ഉണ്ടായിരുന്നിട്ട് കൂടി അവയിൽ ചേർന്ന് പ്രവർത്തിച്ചു. മർമാറ സർവകലാശാലയിലാണ് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ആ സമയത്ത് തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. വെൽഫെയർ പാർട്ടി അംഗമായ എർദോഗൻ 1994 ലാണ് ആദ്യമായി മേയറാകുന്നത്. മതേതര വ്യവസ്ഥയെ പിടിച്ചു കുലുക്കുന്നതായിരുന്നു അത്. എന്നാൽ അയാൾ കൗശലക്കാരനായ അധികാരിയായിരുന്നു. ജനങ്ങളുടെ മനസിൽ പെട്ടെന്ന് ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.

1998 ലാണ് മതവിദ്വേഷം വളർത്തിയതിന് എർദോഗൻ ശിക്ഷിക്കപ്പെടുന്നത്. പൊതുപരിപാടിയിൽ ഒട്ടോമൻ ഇസ്ലാമിസ്റ്റ് കവി സിയ ഗോകൽപ്പിന്റെ 'മസ്ജിദുകൾ നമ്മുടെ പടപ്പാളയങ്ങളാണ്, താഴികക്കുടങ്ങൾ നമ്മുടെ ശിരോകവചങ്ങളാണ്, വിശ്വാസികൾ നമ്മുടെ സൈനികരും'' എന്ന വരികൾ പ്രസംഗത്തിനിടെ ഉപയോഗിച്ചത് മതസ്പർധയുണ്ടാക്കി എന്ന കുറ്റത്തിന് രാഷ്ട്രീയപ്രവർത്തനത്തിൽ നിന്ന് കോടതി അദ്ദേഹത്തെ വിലക്കുകയും 10 മാസം തടവിന് വിധിക്കുകയും ചെയ്തു. ഇതോടെ എർദോഗന് മേയർസ്ഥാനം രാജിവെക്കേണ്ടി വന്നു. നാല് മാസത്തെ ശിക്ഷക്ക് ശേഷം 1999 ൽ അദ്ദേഹം ജയിൽ മോചിതനായി. വീണ്ടും രാഷ്ട്രീയത്തിൽ പ്രവേശിച്ചു. സൈന്യത്തിന്റെ പിന്തുണ ശക്തമായുള്ള തുർക്കിയിലെ മതേതര സ്ഥാപനത്തിനെതിരെ പോരാടാനുള്ള  എർദോഗന്റെ ദൃഢനിശ്ചയത്തെ ഈ ജയിൽ വാസം ഉറപ്പിച്ചു.

വിലക്കും അധികാരവാഴ്ചയും

2001 ൽ വെൽഫെയർ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാർട്ടി രൂപീകരിച്ചു. 2002 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചെങ്കിലും എർദോഗന് സ്ഥാനമാനങ്ങൾ നിയമപരമായി വിലക്കപ്പെട്ടു. കാരണം 1998 ലെ ശിക്ഷാവിധിയാണ്. തുടർന്ന് 2002 ൽ പാർലമെന്റിൽ വന്ന ഒരു ഭരണഘടനാ ഭേദഗതി എർദോഗന്റെ അയോഗ്യത നീക്കം ചെയ്യുന്നതായിരുന്നു. 2003 മാർച്ചിൽ ഒരു ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച അദ്ദേഹം ദിവസങ്ങൾക്കകം പുതിയ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റിനോട് ആവശ്യപ്പെടുകയും 2003 മെയ് 14 ന് തുർക്കിയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുകയും ചെയ്തു. മികച്ച പ്രവർത്തനങ്ങളായിരുന്നു അന്ന് എർദോഗൻ കാഴ്ചവെച്ചത് അതുകൊണ്ട് തന്നെ പിന്നീട് തുടർച്ചയായി അധികാരസ്ഥാനത്ത് ഇരിക്കുന്നതിൽ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. 2007 ലും 2011 ലും വീണ്ടും അധികാരം തുടരാൻ എർദോഗന്റെ നയങ്ങൾ സഹായിച്ചു.

പ്രധാനമന്ത്രി എന്ന നിലയിൽ, എർദോഗൻ അമേരിക്കയിലും യൂറോപ്പിലും പര്യടനം നടത്തുകയും തന്റെമേൽ ആരോപിക്കപ്പെട്ട പാശ്ചാത്യ വിരുദ്ധതയും പക്ഷപാതവും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു. പര്യടനത്തിനു പിന്നിൽ മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു. യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള തുർക്കിയുടെ ശ്രമം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു അത്. 2011 ൽ പാർലമെന്റ് തെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുമ്പോൾ ജനാധിപത്യത്തേയും സ്വാതന്ത്രത്തേയും  ശക്തിപ്പെടുത്തുന്ന പുതിയ ഭരണഘടന ഉപയോഗിച്ച് തുർക്കി ഭരണഘടന മാറ്റുമെന്ന് എർദോഗൻ പ്രഖ്യാപിച്ചു. 2011  ജൂണിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ  അദ്ദേഹത്തിന്റെ പാർട്ടി വിജയിച്ചു. തുടർന്ന് എർദോഗൻ മൂന്നാം തവണയും പ്രധാനമന്ത്രിയായി. എന്നാൽ ഏകപക്ഷീയമായ ഒരുപുതിയ ഭരണഘടന എഴുതാനുള്ള ഭൂരിപക്ഷം അദ്ദേഹത്തിന്റെ പാർട്ടിക്കുണ്ടായിരുന്നില്ല. തുടർന്ന് പലപ്പോഴായി അദ്ദേഹത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങളും പ്രകടനങ്ങളും പല സന്ദർഭങ്ങളിലും നടന്നിട്ടുണ്ട്. എന്നാൽ ഇവയെല്ലാം എർദോഗൻ തള്ളിക്കളയുകയാണ് ഉണ്ടായത്.

ഭരണഘടനയനുസരിച്ച് തുടർച്ചയായി മൂന്ന് തവണ മാത്രമേ ഒരാൾക്ക് പ്രധാനമന്ത്രിയാവാൻ സാധിക്കു എന്ന് വന്നപ്പോൾ ഭരണഘടന മാറ്റി എഴുതുകയാണ് എർദോഗൻ ചെയ്തത്. സർവ്വാധികാരം പ്രധാനമന്ത്രിയിൽ നിന്ന് പ്രസിഡന്റിലേക്ക് മാറുന്ന രീതിയിൽ ഭരണഘടന മാറ്റി എഴുതി. ഇതേ തുടർന്നാണ് 2016 ൽ അദ്ദേഹത്തിന് സൈനിക അട്ടിമറി നേരിടേണ്ടി വന്നത്. ഒരു രാത്രി സൈനിക ഉദ്യോഗസ്ഥർ തെരുവുകൾ പിടിച്ചെടുക്കുകയുണ്ടായി. എർദോഗനും അദ്ദേഹത്തിന്റെ പാർട്ടിയും ജനാധിപത്യത്തെ തുരങ്കം വെക്കുകയും തുർക്കിയിലെ നിയമവാഴ്ച തകർക്കുകയും ചെയ്യുന്നു എന്നായിരുന്നു അവരുടെ ആരോപണം. എന്നാൽ എർദോഗൻ സൈനികരെ കീഴടക്കി. സർക്കാർ നിയന്ത്രണം തിരിച്ചുപിടിച്ചു. 300- ഓളം പേർ ആ അട്ടിമറിയിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്. ഇവരിൽ കൂടുതലും സാധാരണ ജനങ്ങളായിരുന്നു. എന്നാൽ സർക്കാർ ചെയ്തത് നിരവധി സൈനീകരേയും പൊലീസുകാരേയും അധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥരേയും ജോലിയിൽ നിന്ന് നീക്കം ചെയ്യുകയും ജയിലിൽ അടക്കുകയുമായിരുന്നു. 

2017 ൽ ഹിതപരിശോധനയിൽ കൂടി പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ എക്സിക്യൂട്ടീവ് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് മാറി. ഇതോടെ പ്രധാനമന്ത്രിപദവി ഇല്ലാതായി. എന്നിട്ടും 2018 ജൂൺ 24 ന് എർദോഗൻ  പ്രസിഡന്റ് സ്ഥാനത്തേക്ക് ഭൂരിപക്ഷ വോട്ടോടു കൂടി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ നയങ്ങൾ തുർക്കിയെ മാന്ദ്യത്തിലേക്ക് നയിച്ചു. ഇത് 2019 വരെ തുടർന്നു. അടിസ്ഥാന വസ്തുക്കളുടെ വില കുതിച്ചുയർന്നു. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഇത് പ്രധാനപ്പെട്ട ഒരു വിഷയമായി മാറി വിജയത്തെ സാരമായി ബാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി നേതാക്കൾ എകെപി വിട്ടുപോവുകയുണ്ടായി.  2020 ൽ രാജ്യം കൂടുതൽ പ്രതിസന്ധികൾ നേരിട്ടെങ്കിലും കോവിഡ് സാഹചര്യത്തിൽ ഉയർന്നുവന്ന പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ളവ അടിച്ചമർത്തപ്പെടുകയാണുണ്ടായത്. 

2023 ലെ  തെരഞ്ഞെടുപ്പിൽ എർദോഗനെതിരെ മത്സരിക്കുന്നതിന് സംയുക്തമായി ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ 2022 ൽ തന്നെ പ്രതിപക്ഷ പാർട്ടികൾ യോഗം തുടങ്ങിയിരുന്നു. അതിനായി 2010 മുതൽ പ്രതിപക്ഷത്തെ നയിച്ചിരുന്ന കെമാൽ കിലിച് തരോലുവിനെയാണ് തിരഞ്ഞെടുത്തത്. ആദ്യം അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം നിരസിക്കപ്പെട്ടെങ്കിലും പിന്നീട് വ്യാപകമായി അംഗീകരിക്കപ്പെടുകയായിരുന്നു. എന്നാൽ കെമാലിനെ തോൽപ്പിച്ച് വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ് എർദോഗൻ.

തുർക്കി ഗാന്ധി: കെമാൽ കിലിച് തരോലു

20 വർഷമായി അധികാരം കയ്യാളുന്ന റജബ് ത്വയ്യിബ് എർദോഗനെതിരെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആറ് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയായാണ് കെമാൽ മത്സരിച്ചത്. ശക്തനായ എർദോഗനെ ഇത്തവണ പരാജയപ്പെടുത്തുമെന്ന വിശ്വാസത്തിലായിരുന്നു പ്രതിപക്ഷം. എന്നാൽ ജനവിധി എർദോഗന് അനുകൂലമായാണ് വന്നിരിക്കുന്നത്. ആധുനിക തുർക്കിയുടെ സ്ഥാപകൻ എന്ന് അറിയപ്പെടുന്ന മുസ്തഫ കെമാൽ അതാത്തുർക്കിന്റെ പാർട്ടിയായ സിഎച്ച്പി യുടെ നേതാവാണ് കെമാൽ കിലിച് തരോലു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അഴിമതിയില്ലാത്ത വ്യക്തി എന്നാണ് അറിയപ്പെടുന്നത്. അതോടൊപ്പം മിതഭാഷണവും ശാന്ത സ്വഭാവവും കെമാലിന്റെ പ്രത്യേകതകളാണ്. ഈ സ്വഭാവ വിശേഷങ്ങളോടൊപ്പം മഹാത്മാ ഗാന്ധിയുടെ മുഖ സാദൃശ്യവും കൂടിച്ചേർന്നതോടെയാണ് കെമാലിന് തുർക്കി ഗാന്ധി എന്ന പേരു വീണത്. കിഴക്കൻ തുർക്കിയിലെ തുൻസെലിയ പ്രവിശ്യയിലെ ബല്ലിക്ക എന്ന ഗ്രാമത്തിലാണ് കെമാൽ ജനിച്ചത്. പിതാവ് കാമർ ലാന്റ് രജിസ്ട്രാർ ഓഫീസറും മാതാവ് യെമുസ് വീട്ടമ്മയുമായിരുന്നു. 1971 ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ കെമാൽ തുർക്കി ട്രഷറി ഫിനാൻസ് മന്ത്രാലയത്തിൽ ജോലി നേടി. 1999 ലാണ് അദ്ദേഹം ജോലിയിൽ നിന്ന് വിരമിക്കുന്നത്. വിരമിക്കലിനെ തുടർന്നാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1999 ൽ തുർക്കിയിൽ ഉണ്ടായ രാഷ്ട്രീയ അക്രമങ്ങൾക്കും കലാപങ്ങൾക്കും ശേഷമുള്ള സാഹചര്യത്തിലായിരുന്നു രാഷ്ട്രീയ പ്രവേശനം. 2022 ൽ ഇസ്താംബുളിൽ നിന്നാണ് കെമാൽ CHP അംഗമായി തുർക്കി പാർലമെന്റിൻ പ്രവേശിച്ചത്. അഴിമതിക്കെതിരെ ശക്തമായ വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചു. 2007 ൽ വീണ്ടും അദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009 ൽ ഇസ്താംബുളിലെ മേയർ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2017ൽ രാജ്യ തലസ്ഥാനമായ അങ്കാറയിൽ നിന്ന് ഇസ്താംബുൾ വരെ 450 കിലോമീറ്റർ നീണ്ട 'മാർച്ച് ഫോർ ജസ്റ്റിസ്' എന്ന പദയാത്ര സംഘടിപ്പിച്ചു. അതോടെ ഗാന്ധി എന്ന പേര് ഉറയ്ക്കുകയായിരുന്നു. തന്റെ സഹപ്രവർത്തകരെ ഭരണകൂടം വേട്ടയാടുന്നതിന് എതിരായിരുന്നു ആ യാത്ര. തുർക്കിയെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും തിരികെ കൊണ്ടുപോകുമെന്നായിരുന്നു ഈ 74 കാരൻ മുന്നോട്ടു വെച്ച വാഗ്ദാനം.


#Daily
Leave a comment