എസ്‌കലേറ സ്ത്രീ മുന്നേറ്റത്തിന്റെ പുതിയ തുടക്കമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
വനിതാ സംരംഭകര്‍ക്കായി വനിതാ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രൊജക്ട് കണ്‍സള്‍ട്ടന്‍സി സ്ത്രീ മുന്നേറ്റത്തിന്റെ പുതിയ തുടക്കമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വനിതാ സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും വ്യവസായം ലാഭകരമായി മാറ്റുകയുമാണ് പദ്ധതിയിലൂടെ വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷംകൊണ്ട് സംസ്ഥാനത്ത് സ്ത്രീ സംരംഭകരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് അത്ഭുതപ്പെടുത്തുന്നതാണെന്നും എസ്‌കലേറ മേളയുടെ സമാപന സമ്മേളനം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.
ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി
ഏഴ് ദിവസം നീണ്ടുനിന്ന മേളയില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ഇരുന്നൂറോളം വനിതാ സംരംഭകരാണ് പങ്കെടുത്തത്. വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും സ്ത്രീ സംരംഭകര്‍ക്കായി സംഘടിപ്പിച്ചു. കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു മേള. കനറാ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, കുടുംബശ്രീ, എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, നബാര്‍ഡ്, ശുചിത്വ മിഷന്‍ എന്നിവരായിരുന്നു മേളയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.
തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം നിര്‍മ്മല്‍ പാലാഴി മുഖ്യാതിഥിയായ ചടങ്ങില്‍ കെ.എസ്.ഡബ്ല്യു.ഡി.സി ഡയറക്ടര്‍മാരായ ടി.വി അനിത, ഷീബ ലിയോണ്‍, വി.കെ പ്രകാശിനി എന്നിവര്‍ സംസാരിച്ചു. കെ.എസ്.ഡബ്ല്യു.ഡി.സി എം.ഡി. ബിന്ദു വി.സി സ്വാഗതവും കോഴിക്കോട് മേഖലാ മാനേജര്‍ ഫൈസല്‍ മുനീര്‍ നന്ദിയും പറഞ്ഞു. മേളയോടനുബന്ധിച്ചുള്ള മാധ്യമ അവാര്‍ഡുകളും വിതരണം ചെയ്തു. രാഗവല്ലി മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച മ്യൂസിക്കല്‍ നൈറ്റും അരങ്ങേറി.