Representational Image: Pexels
അവശ്യമരുന്ന് വില 12 ശതമാനം കൂടും; പുതുക്കിയ വില ഏപ്രിൽ ഒന്നുമുതൽ
രാജ്യത്തെ അവശ്യമരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ 12 ശതമാനം വരെ വില കൂടും. ഇതിനുപുറമെ അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്കും 10 ശതമാനം വരെ വില കൂട്ടാനും മരുന്ന് നിർമ്മാതാക്കൾക്ക് അനുമതി നല്കി. വില വർധന പ്രാബല്യത്തിലാകുന്നതോടെ ചികിത്സാച്ചെലവ് വൻതോതിൽ കൂടുന്നതിനും വഴിയൊരുക്കും.
ആദ്യമായാണ് ഇത്രയും വലിയ വിലവർധന നടപ്പിലാവുന്നത്. വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ കാർഡിയാക് മരുന്നുകൾ ആന്റിബയോട്ടിക് എന്നിവയുൾപ്പെടെയുള്ള 384 അവശ്യമരുന്നുകളാണ് പട്ടികയിൽ ഉൾപ്പെടുന്നത്. മൊത്തവ്യാപാര വിലസൂചികയിലെ വർധന അടിസ്ഥാനമാക്കി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് നിർമാതാക്കൾക്ക് വിലവർധന അനുമതി നല്കുന്നത്.
കഴിഞ്ഞവർഷം പത്തുശതമാനത്തിലധികമായിരുന്നു വർധന. രണ്ടുവർഷത്തിനിടെ 23 ശതമാനം വിലയാണ് കൂടുന്നത്. മരുന്ന് നിർമാണച്ചിലവ് വലിയതോതിൽ വർധിച്ചതായി നിർമാതാക്കൾ പലതവണ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് വിലവർധനയ്ക്ക് അനുമതി നല്കിയത്.
വിപണിയിൽ മരുന്നുകളുടെ ക്ഷാമം ഉണ്ടാകാതിരിക്കാനും നിർമാതാക്കളെയും ഉപഭോക്താക്കളെയും ഒരു പോലെ പ്രശ്‌നങ്ങൾ ബാധിക്കാതിരിക്കാനും വേണ്ടിയാണ് വിലവർധന നടപ്പിലാക്കിയതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അധികൃതർ വ്യക്തമാക്കി.
വിലവർധന ഹൃദ്രോഗം, പ്രമേഹം, അതിരക്തസമ്മർദം തുടങ്ങിയ ജീവിതശൈലിരോഗമുള്ളവർക്ക് കനത്ത തിരിച്ചടിയാകും. ഇവർക്ക് ദിവസേന മരുന്ന് കഴിക്കേണ്ടതാണ്. കൂടാതെ കാൻസർ മരുന്നുകൾ, വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, അലർജി മരുന്നുകൾ എന്നിവയ്ക്കും വിലവർധന ബാധകമാകും.