TMJ
searchnav-menu
post-thumbnail

keraleeyam 2023 Trade fair

സാംസ്‌കാരിക തനിമയുമായി എത്നിക് ട്രേഡ് ഫെയര്‍

04 Nov 2023   |   1 min Read
TMJ News Desk

കേരളത്തിന്റെ തനത് സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത ഉത്പന്നങ്ങളുടെ കലവറയുമായി കേരളീയം എത്നിക് ട്രേഡ് ഫെയര്‍ ശ്രദ്ധനേടുന്നു. കാപ്പിത്തടിയില്‍ ഉരുത്തിരിഞ്ഞ മനോഹരശില്‍പങ്ങള്‍ ട്രേഡ് ഫെയറിന്റെ മുഖ്യ ആകര്‍ഷണമാണ്. പതിവ് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമാണ് മുള ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം. മുളം തണ്ടില്‍ നിന്നുള്ള സംഗീതോപകരണങ്ങളും വലുതും ചെറുതുമായ ക്രിസ്തുമസ് നക്ഷത്രങ്ങളും കുഞ്ഞുവിളക്കുകളും മഴ മൂളിയുമെല്ലാം എത്നിക് ട്രേഡ് ഫെയറിന്റെ മാറ്റുകൂട്ടുന്നു. 

ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ബാഗുകള്‍, സോപ്പ്, തുണിത്തരങ്ങള്‍, വന ഉല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കരിമ്പ് -മുള ഉല്‍പന്നങ്ങള്‍, എല്‍ഇഡി ബള്‍ബ്, മറയൂര്‍ ശര്‍ക്കര, മഞ്ഞള്‍, കാപ്പി, ഗ്രാമ്പൂ, കുരുമുളക്, കശുവണ്ടി, കളിമണ്ണാഭരണങ്ങള്‍, ഗോത്ര പെയിന്റിങ്ങുകള്‍ തുടങ്ങി നിരവധി പരമ്പരാഗത വസ്തുക്കളുടെ കാഴ്ചകളുമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പട്ടികവര്‍ഗ വിഭാഗക്കാരുടെ ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി എത്തിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിലാണ് ട്രേഡ് ഫെയര്‍ നടക്കുന്നത്. 

എണ്ണയും തൈലവും ഉള്‍പ്പെടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ വലിയൊരു ശേഖരവുമുണ്ട്. കളിമണ്ണില്‍ നിര്‍മിച്ച വര്‍ണാഭമായ ആഭരണങ്ങളുമായെത്തിയ വയനാട്ടുകാരി ഗീതുവും ഫൈബറില്‍നിന്നു പല നിറത്തിലും വലുപ്പത്തിലുമുള്ള നെറ്റിപ്പട്ടം ഒരുക്കി വില്‍പ്പന നടത്തുന്ന പാലക്കാട് സ്വദേശി കവിതയും എത്നിക് ഫെയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 

#Keraleeyam 2023
Leave a comment