
ഡീപ്‌സീക്കിനെതിരെ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ നടപടി സ്വീകരിക്കും
ചൈനീസ് നിര്‍മ്മിതബുദ്ധി സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്കിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ചെലവ് കുറഞ്ഞ നിര്‍മ്മിതബുദ്ധി സംരംഭമായ ഡീപ്‌സീക്കിന്റെ ജനപ്രിയത വര്‍ദ്ധിക്കുമ്പോഴാണ് യൂറോപ്പിന്റെ ഭീഷണി.
നിലവില്‍ ഇറ്റലി ഡീപ്‌സീക്കിനെ നിരോധിച്ചിട്ടുണ്ട്. ഡീപ്‌സീക്ക് ചാറ്റ്‌ബോട്ട് ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാത്തതിനെ തുടര്‍ന്നാണ് ഇറ്റലി ഡീപ്‌സീക്കിനെ ബ്ലോക്ക് ചെയ്തത്. ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ബല്‍ജിയം, ലക്‌സംബര്‍ഗ് തുടങ്ങിയ രാജ്യങ്ങള്‍ ഡീപ്‌സീക്കിന്റെ ഡാറ്റാ ശേഖരണ രീതികളെ ചോദ്യം ചെയ്തിട്ടുണ്ട്.
ഡീപ്‌സീക്കിനെതിരെയുള്ള നടപടിക്രമങ്ങള്‍ പല രാജ്യങ്ങളിലേയും ഡാറ്റാ സംരക്ഷണ അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് യൂറോപ്യന്‍ ഡാറ്റ സംരക്ഷണ ബോര്‍ഡ് (ഇഡിപിബി) പറഞ്ഞു.
എഐയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള വിവരങ്ങള്‍ കൈമാറുന്നതിനും സഹകരിക്കുന്നതിനുമായിട്ടാണ് 2023 ഏപ്രിലില്‍ രൂപീകരിച്ച ടാസ്‌ക്‌ഫോഴ്‌സിന്റെ അധികാര പരിധി ഇഡിപിബി വിപുലീകരിച്ചു. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിക്കുവേണ്ടിയാണ് ഈ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചിരുന്നത്.
ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ ഉപയോഗിച്ച് പൗരന്‍മാരുടെ സ്വകാര്യതാ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ യൂറോപ്പ് മുന്‍പന്തിയിലാണ്. ലോകത്ത് നിലവിലുള്ള ഏറ്റവും കഠിനമായ സ്വകാര്യതാ നിയമം ആണിത്.