
യൂറോപ്പ് പ്രതിരോധ ഉച്ചകോടി: പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി
യൂറോപ്പിലെ പ്രതിരോധ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് നേതാക്കളുടെ അംഗീകാരം. കൂടാതെ, യുഎസ് നയങ്ങളുടെ മാറ്റം കാരണം വലയുന്ന യുക്രെയ്‌നിനെ പിന്തുണയ്ക്കാനും തീരുമാനിച്ചു.
യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്നും പ്രോത്സാഹനം ഉള്‍ക്കൊണ്ട് റഷ്യ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യത്തെ ആക്രമിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് കൊണ്ട് ബ്രസ്സല്‍സില്‍ സംഘടിപ്പിച്ച യൂറോപ്യന്‍ യൂണിയന്റെ പ്രതിരോധ ഉച്ചകോടിയിലാണ് തീരുമാനം. യൂറോപ്പിന്റെ സഹായത്തിനായി യുഎസിനെ ആശ്രയിക്കാനാകില്ലെന്ന വസ്തുതയും അവരുടെ മുന്നിലുണ്ട്.
യൂറോപ്പ് വെല്ലുവിളിക്ക് അനുസൃതമായി ഉയരുകയും യൂറോപ്പിലെ പ്രതിരോധ സംവിധാനം നിര്‍മ്മിക്കയും യുക്രെയ്‌നൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നുവെന്ന് യോഗത്തിന്റെ ചെയര്‍മാന്‍ അന്റോണിയോ കോസ്റ്റ പറഞ്ഞു.
പ്രതിരോധച്ചെലവ് വര്‍ദ്ധിപ്പിക്കാന്‍ ഈ ആഴ്ചയില്‍ യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതിനെ യൂറോപ്യന്‍ നേതാക്കള്‍ പ്രശംസിച്ചു. ഇയു സര്‍ക്കാരുകള്‍ തങ്ങളുടെ സൈന്യങ്ങള്‍ക്കായി സംയുക്തമായി 150 മില്ല്യണ്‍ യൂറോ കടമെടുക്കും. 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുള്ളത്.
ആയുധ മത്സരമെന്ന വെല്ലുവിളി യൂറോപ്പ് ഏറ്റെടുക്കണമെന്നും വിജയിക്കണമെന്നും പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു.
ഒരുമിച്ച് നില്‍ക്കുന്ന യൂറോപ്പിന് റഷ്യയുമായുള്ള ഏതൊരു സൈനിക, സാമ്പത്തിക സംഘര്‍ഷങ്ങളേയും വിജയിക്കാനുള്ള ശേഷിയുണ്ടെന്ന് ടസ്‌ക് പറഞ്ഞു.