PHOTO: FACEBOOK
യൂറോപ്യന്‍ സൂപ്പര്‍ ലീഗ്, ഫിഫയ്ക്കും യുവേഫയ്ക്കും തിരിച്ചടി
യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ക്ലബ്ബുകളെ തടഞ്ഞ യുവേഫ, ഫിഫ തീരുമാനങ്ങളെ എതിര്‍ത്തുകൊണ്ട് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്. ഫിഫ, യുവേഫ എന്നീ സംഘടനകള്‍ ക്ലബ്ബുകളെ വിലക്കിയതിലൂടെ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്തുവെന്നാണ് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വിധിച്ചത്. 2021 ഏപ്രിലില്‍ ആരംഭിക്കാനിരുന്ന സൂപ്പര്‍ ലീഗിന് തടസ്സമായത് യുവേഫയുടേയും ഫിഫയുടേയും തീരുമാനങ്ങളായിരുന്നു. സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന താരങ്ങളെ ലോകകപ്പില്‍ നിന്നുള്‍പ്പെടെ വിലക്കുമെന്ന് വരെ സംഘടനകള്‍ നിലപാടെടുത്തിരുന്നു.
യൂറോപ്യന്‍ സൂപ്പര്‍ ലീഗ്
യൂറോപ്പിലെ പ്രധാനപ്പെട്ട 12 ഫുട്‌ബോള്‍ ക്ലബ്ബുകള്‍ കൂടിച്ചേര്‍ന്നുകൊണ്ടാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് എന്ന ആശയം മുന്നോട്ട് വച്ചത്. എന്നാല്‍ ഈ 12 ക്ലബ്ബുകളുടെ ആരാധകരില്‍ നിന്നുമുള്‍പ്പടെ സൂപ്പര്‍ ലീഗിനെതിരെ പ്രതിഷേധമുയരുകയായിരുന്നു. സൂപ്പര്‍ ലീഗില്‍ പങ്കെടുത്താല്‍ വിലക്കുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ഫിഫയും യുവേഫയും അറിയച്ചതോട് കൂടി 10 ക്ലബ്ബുകളും തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സ്പാനിഷ് വമ്പന്‍മാരായ എഫ്.സി ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകളാണ് ഇപ്പോഴും സൂപ്പര്‍ ലീഗ് എന്ന ആവശ്യവുമായി മുന്നില്‍ നില്‍ക്കുന്നത്.