
റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധവുമായി യൂറോപ്യന്‍ യൂണിയന്‍
റഷ്യയുടെ പ്രച്ഛന്ന എണ്ണ കപ്പലുകളെ തടയുന്നതിനായി പുതിയ ഉപരോധ നടപടികളുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. യുക്രെയ്‌നുമായി കരാറിലെത്തിയില്ലെങ്കില്‍ കൂടുതല്‍ ശിക്ഷ നല്‍കുമെന്നും യൂണിയന്‍ ഭീഷണിപ്പെടുത്തി.
2022ല്‍ യുക്രെയ്‌നില്‍ റഷ്യ ആക്രമണം ആരംഭിച്ചശേഷം യൂറോപ്യന്‍ യൂണിയന്‍ ചുമത്തുന്ന 17ാമത്തെ ഉപരോധമാണിത്. റഷ്യയുടെ എണ്ണ കയറ്റുമതിയുടെമേലുള്ള ഉപരോധം മറികടക്കുന്നതിനായി ഉപയോഗിക്കുന്ന 200ഓളം എണ്ണ ടാങ്കറുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
ബ്രസ്സല്‍സില്‍ ചേര്‍ന്ന യോഗത്തില്‍ ഇയുവിലെ 27 അംഗ രാജ്യങ്ങളും ഉപരോധ നടപടി അംഗീകരിച്ചു.
റഷ്യന്‍ സൈന്യത്തെ സഹായിക്കുന്നുവെന്ന ആരോപണം നേരിടുന്ന വിയറ്റ്‌നാം, സെര്‍ബിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികള്‍ ഉപരോധ പരിധിയില്‍ വരും. ഇതുവരെ 2,400ഓളം വ്യക്തികളേയും സ്ഥാപനങ്ങളേയും യൂണിയന്‍ നിരോധിക്കുകയും ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
യൂറോപ്പില്‍ സൈബര്‍ ആക്രണവും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയും മറ്റും ചെയ്യുന്ന റഷ്യക്കാരേയും ഉപരോധ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപരോധിക്കേണ്ട വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പേരുകളില്‍ യോജിപ്പിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുന്‍കാല ഉപരോധങ്ങളെക്കാള്‍ സ്വാധീനം കുറഞ്ഞ ഉപരോധമാണ് ഇപ്പോഴത്തേത്.
30 ദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ റഷ്യയ്‌ക്കെതിരെ വന്‍തോതില്‍ ഉപരോധ നടപടികള്‍ സ്വീകരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.


