
ബിജെപിക്കുള്ള ഓരോ വോട്ടും കേരളത്തിന്റെ തകർച്ചയ്ക്ക് ഇടയാക്കും: പിണറായി വിജയൻ
സംസ്ഥാനത്ത് ബിജെപിക്ക് മേൽക്കൈ വന്നാൽ മതനിരപേക്ഷതയും ആരാധനാസ്വാതന്ത്ര്യവുമെല്ലാം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നടന്ന ബിജെപി നേതൃയോഗത്തിലെ അമിത് ഷായുടെ വാക്കുകൾ മുന്നറിയിപ്പായി കരുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചിയിൽ നടന്ന ബിജെപി നേതൃയോഗത്തിൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും, 25 ശതമാനം വോട്ട് ഉണ്ടാവുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു മുഖ്യമന്ത്രിയുടേത്.
“ബിജെപി രാജ്യത്ത് നടപ്പാക്കുന്ന നയങ്ങൾ കേരളത്തിൽ നടപ്പിലാക്കാൻ കഴിയുന്നില്ല. മറ്റിടങ്ങളിൽ കാണുന്ന വർഗീയസംഘർഷങ്ങൾ കേരളത്തിലില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, വിശ്വാസമനുസരിച്ചുള്ള ആരാധനാലയങ്ങളിൽ പോകാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. ബിജെപിക്ക് മേൽക്കൈ ലഭിക്കുന്ന പക്ഷം കേരളത്തിലെ ഈ അവസ്ഥ തകരും,” മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയിൽ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ ഇന്ദിര അധ്യക്ഷയായി. കൊച്ചി മേയർ എം അനിൽകുമാർ, മുൻ മന്ത്രി എസ് ശർമ്മ, ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി സുദീപ് ദത്ത എന്നിവർ പരിപാടിയിൽ പ്രസംഗിച്ചെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തു.


