ഓരോ ആഴ്ചയും 1700 പേര്‍ ലോകത്ത് കോവിഡ് ബാധിച്ച് മരിക്കുന്നു; ജാഗ്രത വേണമെന്ന് ഡബ്ല്യുഎച്ച്ഒ
ആഗോളതലത്തില്‍ 1700 പേര്‍ ഓരോ ആഴ്ചയും കോവിഡ് ബാധിച്ച് മരിക്കുന്നതായി ലോകാരോഗ്യ സംഘടന. റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നത് തുടരണമെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കി. റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരും 60 വയസിന് മുകളിലുള്ളവരും വാക്‌സിന്‍ സ്വീകരിക്കുന്നത് കുറഞ്ഞതായി ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.
ആശങ്ക അവസാനിക്കുന്നില്ല
അവസാന ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം 12 മാസത്തിനകം റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ അടുത്ത വാക്‌സിന്‍ എടുക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. വൈറസ് നിരീക്ഷണവും ചികിത്സയും പ്രതിരോധമാര്‍ഗ്ഗങ്ങളും തുടരാന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് വകഭേദങ്ങള്‍ ഇപ്പോഴും ഉയര്‍ന്നുവരുന്നതായും അപകടം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു. ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട് അനുസരിച്ച് എഴുപത് ലക്ഷത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.