
എല്ലാം നഷ്ടമാകും; ആഗോള വ്യാപാര യുദ്ധത്തെക്കുറിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധത്തില്‍ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടറസ് രംഗത്തെത്തി. രാജ്യങ്ങള്‍ പരസ്പരം വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എല്ലാം നഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു.
'നമ്മള്‍ ആഗോള സമ്പദ് വ്യവസ്ഥയിലാണ് വസിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. എല്ലാം പരസ്പരബന്ധിതമാണ്. എല്ലാ രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതാണ് സ്വതന്ത്ര്യ വ്യാപാരത്തിന്റെ നേട്ടങ്ങളില്‍ ഒന്ന്. നമ്മള്‍ വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, എല്ലാം നഷ്ടമാകുമെന്ന് ഞാന്‍ കരുതുന്നു,' ഐക്യരാഷ്ട്ര സംഘടനയില്‍ അദ്ദേഹം പറഞ്ഞു. ആഗോള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗുട്ടറസ്.
യുഎസ് ചരക്കുകളുടെ മേല്‍ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ മേല്‍ പകരം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുകയും അതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
ഉരുക്കിനും അലുമിനിയത്തിനുംമേല്‍ ട്രംപ് ഭരണകൂടം ചുമത്തിയ ആഗോള തീരുവകള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനും കാനഡയും യുഎസ് ഉല്‍പന്നങ്ങളുടെമേല്‍ തീരുവകള്‍ പ്രഖ്യാപിച്ചു. കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കുമേലും ട്രംപ് തീരുവ പ്രഖ്യാപിച്ചു. അതിന് തിരിച്ചടിയായി, ഈ രാജ്യങ്ങളും യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ മേല്‍ താരിഫ് പ്രഖ്യാപിച്ചിരുന്നു.