ഡൽഹി മുൻ മന്ത്രി സത്യേന്ദ്ര ജെയിനിന് ഇടക്കാല ജാമ്യം
അഴിമതിക്കേസിൽ ഒരുവർഷമായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജൂലൈ 11 വരെയാണ് ജാമ്യം. ആറാഴ്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിക്കാം. അനുമതിയില്ലാതെ ഡൽഹി വിടരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നുമുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം.
അദ്ദേഹത്തിന് താല്പര്യമുളള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാനുള്ള അനുമതി കോടതി നൽകി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ചികിത്സയുമായി ബന്ധപ്പെട്ട് പ്രസക്തമായ എല്ലാ രേഖകളും കോടതിക്കുമുമ്പാകെ സമർപ്പിക്കണം തുടങ്ങിയ കാര്യങ്ങളും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സത്യേന്ദ്ര ജെയിൻ തീഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണിരുന്നു. വീഴ്ചയിൽ പരിക്കേറ്റ ജെയിനിനെ ആദ്യം ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലും പിന്നീട് ലോക് നായക് ജയപ്രകാശ് നാരായണൻ ആശുപത്രിയിലേക്കും മാറ്റുകയുണ്ടായി. ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് ജെയിനിനെ അറസ്റ്റ് ചെയ്തത്. ഒരു വർഷംകൊണ്ട് അദ്ദേഹത്തിന്റെ ശരീരഭാരം 35 കിലോ കുറഞ്ഞതായി എ.എ.പി നേതാക്കൾ ആരോപിച്ചിരുന്നു.
അഴിമതി കേസിൽ സ്ഥാനരഹിതനായ ആരോഗ്യമന്ത്രി
2022 മെയ് 30-നാണ് കള്ളക്കടത്ത് കേസിൽ അരവിന്ദ് കെജ്‌രിവാൾ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അറസ്റ്റിലായത്. 2015-16 കാലയളവിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിൻ വിവിധ കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊൽക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എൻഫോഴ്സമെൻറ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ജെയിനിന് പങ്കാളിത്തമുള്ള നാല് കമ്പനികളിലേക്ക് വന്ന പണത്തിന്റെ സ്രോതസ് കാണിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് ഇഡി ആരോപണം. 2010 മുതൽ 2014 വരെ 16.39 കോടി രൂപ ഇത്തരത്തിൽ വെളുപ്പിച്ചെടുത്തിട്ടുണ്ട് എന്നും അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു. 2019-ൽ, അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ജെയിനിനെ വിചാരണ ചെയ്യാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. തുടർന്ന് അകിഞ്ചാൻ ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻഡോ മെറ്റൽ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടേതായി 4.81 കോടി രൂപ 2022 ഏപ്രിലിൽ താൽകാലികമായി കണ്ടുകെട്ടിയിരുന്നു. പര്യാസ് ഇൻഫോസൊലൂഷൻ, മംഗളായതൻ പ്രോജക്ട് തുടങ്ങിയവയാണ് ജെയിനിന് പങ്കാളിത്തമുണ്ടെന്നു കരുതുന്ന മറ്റു രണ്ട് കമ്പനികൾ. ഈ പണമുപയോഗിച്ച് മന്ത്രി ദില്ലിയിൽ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലിൽ ഈ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. എന്നാൽ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ബിജെപിയുടെ നയത്തിന്റെ ഭാഗമാണ് ജെയ്നിന് എതിരായ നടപടി എന്നാണ് ആം ആദ്മി പാർട്ടിയും അരവിന്ദ് കെജ്രിവാളും ആരോപിക്കുന്നത്. മറ്റ് മന്ത്രിമാരെയും ഇത്തരത്തിൽ കുടുക്കാൻ സാധ്യതയുണ്ടെന്നും എഎപി ആരോപിക്കുന്നു.
ഡൽഹിയിലെ തീഹാർ ജയിലിൽ കഴിയവെ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് ആരോപണവും സത്യേന്ദ്ര ജയിനിനെതിരെ ഉയർന്നുവന്നു. സെല്ലിൽ കിടക്കുമ്പോൾ കാലും തലയും മസാജ് ചെയ്യുന്ന വീഡിയോ പുറത്തു വന്നിരുന്നു. ബിജെപി നേതാവ് ഷെഹ്സാദ് ജയ്ഹിന്ദാണ് 'വിവിഐപി ചികിത്സ' എന്ന് തലക്കെട്ട് നൽകി ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. ജയിലിൽ ആഡംബര ജീവിതമാണ് മന്ത്രി നയിച്ചുവരുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആരോപിച്ചിരുന്നു. ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഏജൻസി ഡൽഹി കോടതിയിൽ സമർപ്പിച്ചു. ജയിൽ മന്ത്രി കൂടിയായ ജെയിൻ തന്റെ സ്ഥാനം അന്യായമായി മുതലെടുത്തുവെന്നാണ് ഇഡിയുടെ പ്രധാന ആരോപണം.
എന്നാൽ സത്യേന്ദ്ര ജെയിനിന് തീഹാർ ജയിലിൽ ലഭിച്ച മസാജ് ചികിത്സയുടെ ഭാഗമാണെന്നാണ് ഡൽഹി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം. നട്ടെല്ലിന് പ്രശ്നമുള്ളതിനാൽ ഡോക്ടർ ഫിസിയോതെറാപ്പി നിർദേശിച്ചിട്ടുണ്ട്. പരുക്കേറ്റ ഒരാൾക്ക് ചികിത്സ നല്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ ചോർത്തി ഇത്തരം ക്രൂരത കാണിക്കാൻ ബിജെപിക്കേ സാധിക്കൂ എന്ന് അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ ആരോപിച്ചിരുന്നു. ഡൽഹി മദ്യനയ അഴിമതിക്കേസിന്റെ ആരോപണത്തെ തുടർന്ന് മനീഷ് സിസോദിയയും ഇപ്പോൾ ജയിലിലാണ്.
രാഷ്ട്രീയ ജീവിതം
സെൻട്രൽ പബ്ലിക് വർക്സ് ഡിപാർട്ട്മെന്റിൽ ആർക്കിടെക്ടായിരുന്നു ജെയിൻ. തുടർന്ന് ജോലിയിൽ നിന്ന് രാജി വച്ച ശേഷം അണ്ണാ ഹസാരെയോടൊപ്പം പ്രവർത്തനം ആരംഭിച്ചു. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ട സമയത്താണ് ജെയിൻ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. പിന്നീട് കെജ്രിവാളിന്റെ വലംകൈയായി. ആം ആദ്മി പാർട്ടിയുടെ രണ്ടു സർക്കാരിലും ശക്തനായ മന്ത്രിയായി. ജയിൽ വകുപ്പ് ഉൾപ്പെടുന്ന, ആഭ്യന്തരത്തിന്റെ കൂടി ചുമതലയുള്ള സംസ്ഥാന ആരോഗ്യമന്ത്രിയായിരുന്നു അദ്ദേഹം. ഇതിനു പുറമെ, വ്യവസായം, ഊർജം, ജലം, നഗരവികസനം, ജലസേചനം തുടങ്ങിയ വകുപ്പുകളും അദ്ദേഹത്തിനു കീഴിലായിരുന്നു. ഡൽഹിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വകുപ്പുകളുമായിരുന്നു ഇവ. സിസോദിയ കഴിഞ്ഞാൽ ഡൽഹി സർക്കാരിലെ പ്രധാനി ആയിരുന്നു ജെയിൻ. ആം ആദ്മി പാർട്ടി തങ്ങളുടെ ഭരണ നേട്ടമായി മുന്നോട്ടു വയ്ക്കുന്ന രണ്ടു കാര്യങ്ങളാണ് വിദ്യാഭ്യാസവും ആരോഗ്യവും. ഡൽഹിയിലെ സർക്കാർ സ്‌കൂളുകളും മൊഹല്ല ക്ലിനിക്കുകളുമാണ് ഇതിന്റെ ഉദാഹരണമായി പാർട്ടി ചൂണ്ടിക്കാട്ടുന്നത്. ഈ രണ്ടു വകുപ്പുകൾക്കും നേതൃത്വം നൽകുന്ന മന്ത്രിമാരിൽ ഒരാളായിരുന്നു ജെയിൻ