.jpg)
തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി
തൊണ്ടിമുതല്‍ കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും സുപ്രീം കോടതി വിധിച്ചു. ലഹരിമരുന്ന് കേസിലെ പ്രതിയെ തൊണ്ടിമുതല്‍ മാറ്റി രക്ഷിച്ചുവെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. അടുത്ത മാസം 20-ന് ആന്റണി രാജു വിചാരണ കോടതിയില്‍ ഹാജരാകണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
"നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഒരു ഭയവുമില്ല. ഇതുപോലെയുള്ള പ്രതിസന്ധികളാണ് എന്നെ കൂടുതല്‍ കരുത്തനാക്കിയിട്ടുള്ളത്. വിചാരണ നേരിടാന്‍ പറഞ്ഞാല്‍ നേരിടും. അതിലൊന്നും പ്രശ്നമില്ലെ"ന്ന് ആന്റണി രാജു പറഞ്ഞു.
1990 ഏപ്രില്‍ 4-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയില്‍ നിന്നും മാറ്റി പകരം മറ്റൊന്ന് വെച്ചുവെന്നാണ് കേസ്. കേസില്‍ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.