
പ്രവാസികളുടെ പണം: 2024-ല്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് ഇന്ത്യയ്ക്ക്
2024ല്‍ പ്രവാസികള്‍ സ്വന്തം നാട്ടിലേക്ക് ഏറ്റവും കൂടുതല്‍ പണം അയച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലേക്ക് പ്രവാസികള്‍ 129 ബില്ല്യണ്‍ ഡോളര്‍ അയച്ചു. മെക്‌സിക്കോ, ചൈന, ഫിലിപ്പൈന്‍സ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിൽ ഉള്ളത്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ തൊഴില്‍ വിപണിയിലെ ഉണര്‍വ് കാരണം പ്രവാസികള്‍ കൂടുതല്‍ പണം അയച്ചു. ഈ വര്‍ഷം പ്രവാസികള്‍ അയച്ച പണത്തില്‍ 5.8 ശതമാനം വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷം ഇത് 1.2 ശതമാനം ആയിരുന്നു.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലേക്ക് പ്രവാസികള്‍ അയക്കുന്ന പണം ഈ വര്‍ഷം 685 ബില്ല്യണ്‍ ഡോളര്‍ ആകുമെന്ന് ലോകബാങ്ക് പ്രതീക്ഷിക്കുന്നു. ജനസംഖ്യ പ്രവണതകളും വരുമാന വിടവും കാലാവസ്ഥാ വ്യതിയാനവും കാരണം വന്‍തോതില്‍ കുടിയേറ്റം നടക്കുന്നത് ഈ രാജ്യങ്ങളിലേക്ക് മറ്റു തരങ്ങളില്‍ വരുന്ന പണത്തേക്കാള്‍ കൂടുതല്‍ പണം പ്രവാസികള്‍ അയക്കുന്ന പതിവ് തുടരുന്നു.
പ്രവാസികളുടെ പണവും നേരിട്ടുള്ള വിദേശ നിക്ഷേപവും (എഫ്ഡിഐ) തമ്മിലുള്ള അന്തരം 2024ല്‍ കൂടുതല്‍ വര്‍ദ്ധിക്കും. കഴിഞ്ഞ ദശാബ്ദത്തില്‍ പ്രവാസികള്‍ അയക്കുന്ന പണം 57 ശതമാനം വര്‍ദ്ധിച്ചു. അതേസമയം, എഫ്ഡിഐ 41 ശതമാനം കുറഞ്ഞു. 2024ല്‍ തെക്കനേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ പണത്തിന്റെ ഒഴുക്കില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 11.8 ശതമാനം ആകുമെന്നാണ് പ്രതീക്ഷ. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് കൂടുതല്‍ പണമെത്തുന്നതാണ് കാരണം.