TMJ
searchnav-menu
post-thumbnail

TMJ Daily

കൊച്ചിയിൽ പെയ്ത മഴയിൽ രാസസാന്നിധ്യമെന്ന് വിദഗ്ദർ

16 Mar 2023   |   1 min Read
TMJ News Desk

ഠിനമായ ചൂടിനും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിനും ശേഷം കൊച്ചിയിൽ ബുധനാഴ്ച വൈകുന്നേരത്തോടെ ആശ്വാസത്തിന്റെ മഴപെയ്തു. എന്നാൽ പെയ്ത വേനൽ മഴയിൽ ആസിഡ് സാന്നിധ്യമുണ്ടെന്ന ചില വിലയിരുത്തലുകൾ ആശങ്കയുണർത്തുന്നു. കൊച്ചിയുടെ അന്തരീക്ഷത്തിൽ വിഷപ്പുകയുടെ സാന്നിധ്യമുള്ളതിനാൽ മഴ പെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നേരത്തെ നല്കിയിരുന്നു.

സാധാരണ മഴവെള്ളത്തിന് സ്വാഭാവിക അമ്ല സാന്നിധ്യം ഉണ്ടാകുന്നതാണ്. മഴവെള്ളത്തിന്റെ പിഎച്ച് അളവ് 5.0-5.5 ഇടയിലായിരിക്കും. എന്നാൽ മഴവെള്ളത്തിൽ സൾഫർ ഡൈഓക്സൈഡിന്റെയോ നൈട്രജൻ ഓക്സൈഡിന്റെയോ സാന്നിധ്യം കൂടിക്കലർന്നാൽ പിഎച്ച് അളവ് 4 വരെയെത്താനുള്ള സാധ്യതയുണ്ട്. ബ്രഹ്‌മപുരം തീപിടുത്തത്തിന് ശേഷം രാസബാഷ്പകണികകൾക്ക് പുറമെ സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാർബൺ എന്നിവയുടെ സാന്നിധ്യം അന്തരീക്ഷത്തിൽ വർധിച്ചതിനാൽ മഴ വെള്ളത്തിലെ രാസസാന്നിധ്യം കൂടുതൽ ആവുന്നതിനുള്ള സാധ്യതകൾ ഏറെയാണ്.

എന്നാൽ അവയുടെ അളവും അവ സൃഷ്ടിക്കാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങളും വ്യക്തമായി മനസ്സിലാക്കുവാൻ കൂടുതൽ പഠനങ്ങളും നിരീക്ഷണങ്ങളും വേണ്ടിവരും. മുൻ വർഷങ്ങളിൽ പെയ്ത വേനൽമഴയിലെ അമ്ല സാന്നിധ്യവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇപ്പോൾ പെയ്ത വേനൽ മഴയിലെ അമ്ല സാന്നിധ്യം എത്രമാത്രം കൂടുതലാണെന്ന് വിലയിരുത്താനാവുക.

എന്തായാലും ആദ്യ വേനൽമഴയിൽ ചെറിയ രീതിയിൽ എങ്കിലും സൾഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവ് വർധിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ശാസ്ത്ര വിദഗ്ദർ. ഇക്കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ പൊതുസമൂഹവുമായി പങ്ക് വയ്ക്കുവാൻ ഉത്തരവാദിത്തപ്പെട്ട സർക്കാർ സംവിധാനങ്ങൾ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ജനങ്ങളുടെ ഭീതി മാറ്റി നിജസ്ഥിതി അറിയാൻ ദേശീയ ഏജൻസി പഠനം നടത്തണം എന്നാവശ്യപ്പെട്ട് ഹൈബി ഈടൻ എംപി പാർലമെന്റിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കി. കേന്ദ്ര സർക്കാർ നേരിട്ട് സംഭവത്തെക്കുറിച്ച് പഠിച്ച് ഔദ്യോഗിക റിപ്പോർട്ട് പുറത്ത് വിടണമെന്നും ബ്രഹ്മപുരം തീപിടുത്തത്തിലെ പാരിസ്ഥിതിക ആഘാത പഠനം നടത്താൻ ആവശ്യമായ നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




#Environment
#Daily
Leave a comment