
ഗുജറാത്തില്‍ പടക്കഫാക്ടറിയില്‍ സ്‌ഫോടനം; 18 മരണം
ഗുജറാത്തിലെ ബനാസ്‌കാന്ത ജില്ലയിലെ പടക്കഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 18 പേര്‍ മരിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് വന്‍അഗ്നിബാധയുണ്ടാകുകയും കെട്ടിടം തകരുകയും ചെയ്തു.
ഡീസ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന നിര്‍മ്മാണയൂണിറ്റിലാണ് അപകടം ഉണ്ടായത്.
വ്യവസായ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയില്‍ സ്‌ഫോടനം ഉണ്ടാകുകയും തീപിടിക്കുകയും കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്തു. ഇതിനടിയില്‍ അനവധി പേര്‍ കുടുങ്ങുകയായിരുന്നുവെന്ന് ഡീസ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നേഹ പഞ്ചല്‍ പറഞ്ഞു.
കെട്ടിടത്തിന്റെ സ്ലാബ് വീണ് 18 പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് എസ്പി അക്ഷയ് രാജ് മഖ്വാന പറഞ്ഞു.
മദ്ധ്യപ്രദേശില്‍നിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കെട്ടിടം പൂര്‍ണമായും തകര്‍ന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.