TMJ
searchnav-menu
post-thumbnail

TMJ Daily

എക്സ്പ്രസ്സ് ട്രെയിൻ ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്  

12 Oct 2024   |   1 min Read
TMJ News Desk

മിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ കവരപ്പെട്ട റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട ചരക്കു തീവണ്ടിയുമായി മൈസൂർ-ദർഭംഗ ബാഗ്മതി എക്സ്പ്രസ്സ് കൂട്ടിയിടിച്ചതിനെ തുടർന്ന് 20 യാത്രക്കാർക്ക് പരിക്കേറ്റു. ആർക്കും ജീവാപായം ഉണ്ടായിട്ടില്ല. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നെയിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മൈസൂരിൽ നിന്നും ബീഹാറിലെ ദർഭംഗയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ 1360 യാത്രക്കാർ ഉണ്ടായിരിന്നു. യാത്രക്കാരെ അപകടസ്ഥലത്തു നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചതായും ദക്ഷിണ റെയിൽവേ അറിയിച്ചു.

നിർത്തി ഇട്ടിരുന്ന ചരക്കു വണ്ടിയുടെ പിൻഭാഗം ഇടിച്ചു കയറിയതിനെ തുടർന്ന് എക്സ്പ്രസ്സ് വണ്ടിയുടെ 12 കോച്ചുകൾ പാളം തെറ്റുകയും പാഴ്‌സൽ ബോഗിയടക്കം മൂന്നു ബോഗികൾക്ക് തീ പിടിക്കുകയൂം ചെയ്തു. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ ആയിരിന്നു അപകടം. ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശത്തു വച്ചാണ് അപകടം. സിഗ്നൽ ലഭിച്ച എക്സ്പ്രസ്സ് ട്രെയിൻ മെയിൻ ട്രാക്കിൽ നിന്നും തെന്നി മാറി ലൂപ്പ് ലൈനിൽ നിർത്തിയിട്ടിരുന്ന വണ്ടിയിൽ ഇടിച്ചു കയറുകയായിരിന്നു. അപകടകാരണം വ്യക്തമായിട്ടില്ല. എക്സ്പ്രസ്സ് ട്രെയിൻ ഏതാണ്ട് 75 കിലോമീറ്റർ വേഗതയിലായിരിന്നു.

റെയിൽവെ സുരക്ഷയെ പറ്റി ആശങ്കകൾ പെരുകുന്ന സമയത്താണ് പുതിയ അപകടം. കഴിഞ്ഞ 5 വർഷങ്ങൾക്കുള്ളിൽ നടന്ന ചെറുതും വലുതുമായ തീവണ്ടി അപകടങ്ങളിൽ 351 പേർ കൊല്ലപ്പെടുകയും 970 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകൾ.


#Daily
Leave a comment