PHOTO: PTI
പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയ നടപടി: മഹുവ മൊയ്ത്രയുടെ ഹര്‍ജി ജനുവരി മൂന്നിന് പരിഗണിക്കും
പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ജനുവരി മൂന്നിലേക്ക് മാറ്റി. ജസ്റ്റിസ് സഞ്ജയ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദം കേള്‍ക്കുന്നത് മാറ്റിയത്. വിഷയം പഠിക്കാന്‍ സമയം വേണമെന്നു കോടതി പറയുകയായിരുന്നു.
ഹര്‍ജി മാറ്റിയതോടെ ഡിസംബര്‍ 22 ന് അവസാനിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ മഹുവ മൊയ്ത്രയ്ക്ക് കഴിയില്ല. ചോദ്യങ്ങള്‍ ചോദിക്കാന്‍ കോഴ വാങ്ങിയെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ എട്ടിനാണ് മഹുവയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്. ഇതിനെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. തന്നെ പുറത്താക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും മൊയ്ത്ര ഹര്‍ജിയില്‍ പറയുന്നു.
എത്തിക്സ് കമ്മിറ്റി തനിക്ക് പറയാനുള്ളത് കേട്ടില്ലെന്ന് മഹുവ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരെ വിസ്തരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് അനുമതി ലഭിച്ചില്ല. എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നപ്പോഴും തനിക്ക് സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ഇതിലൂടെ തനിക്ക് നീതി നിഷേധിക്കപ്പെട്ടതായും മഹുവ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
മഹുവയെ പുറത്താക്കണമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നുമുളള എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ലോക്‌സഭ അംഗീകരിക്കുകയായിരുന്നു. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള അനുവദിച്ചില്ല. 400 പേജുകളുള്ള റിപ്പോര്‍ട്ടാണ് എത്തിക്‌സ് കമ്മിറ്റി സമര്‍പ്പിച്ചത്.
ഗുരുതരമായ തെറ്റാണ് മഹുവയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നായിരുന്നു എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. ഹിരാനന്ദാനി ഗ്രൂപ്പില്‍നിന്ന് പണവും പാരിതോഷികവും വാങ്ങിക്കൊണ്ട് അവര്‍ക്കുവേണ്ടി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ യാതൊരു തെളിവുമില്ലാതെയാണ് മഹുവയ്‌ക്കെതിരെ ബിജെപി അംഗം നിഷികാന്ത് ദുബെ ആരോപണം ഉന്നയിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ ഉച്ചയ്ക്ക് രണ്ടുവരെ നിര്‍ത്തിവച്ചു. മഹുവയെ പുറത്താക്കിയ നടപടിയെ എതിര്‍ക്കുമെന്ന് INDIA മുന്നണി അറിയിച്ചു.
മഹുവയ്‌ക്കെതിരായ ആരോപണം
അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് രണ്ടുകോടി രൂപയും മറ്റ് ആഡംബര സമ്മാനങ്ങളും കോഴയായി വാങ്ങിയെന്നും ലോക്‌സഭയിലേക്ക് നേരിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡി പങ്കുവച്ചുവെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്‌ക്കെതിരെ ഉയര്‍ന്നത്. മഹുവ ലോക്‌സഭയില്‍ ചോദിച്ച 61 ചോദ്യങ്ങളില്‍ 51 എണ്ണവും വ്യവസായിയുടെ താല്പര്യങ്ങള്‍ പ്രകാരമായിരുന്നുവെന്നും ആരോപണത്തില്‍ പറയുന്നു. നവംബര്‍ രണ്ടിന് മഹുവ എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായിരുന്നു. അതിരുവിട്ട ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ച് കമ്മിറ്റി യോഗത്തില്‍നിന്ന് ഇറങ്ങിപോവുകയും ചെയ്തു.
ആരോപണങ്ങള്‍ തള്ളി മഹുവ
തന്റെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്വേഡും സുഹൃത്തായ വ്യവസായി ദര്‍ശന്‍ ഹിരാനന്ദിനിക്കു കൈമാറിയിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ താന്‍ പണം കൈപ്പറ്റിയിട്ടില്ലെന്ന് മഹുവ നേരത്തെ പറഞ്ഞിരുന്നു. എംപിയുടെ സംഘത്തിലുള്ളവരാണ് ചോദ്യങ്ങള്‍ അപ്ലോഡ് ചെയ്യുന്നത്, ആര്‍ക്കൊക്കെ പാസ്വേഡ് കൈമാറാമെന്നതിനു ചട്ടങ്ങളില്ല, ചോദ്യങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഒടിപി ലഭ്യമാകുന്ന നമ്പര്‍ തന്റേതാണ്. അതുകൊണ്ട് അപ്ലോഡ് ചെയ്യപ്പെടുന്ന ചോദ്യങ്ങളെക്കുറിച്ച് തനിക്ക് അറിവുണ്ടെന്നും മഹുവ പറഞ്ഞു. എന്നാല്‍ ഹിരാനന്ദാനിയില്‍ നിന്നും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങി എന്ന ആരോപണം തെറ്റാണ്. ആരോപണം തെളിയിക്കാന്‍ കഴിയുമെങ്കില്‍ ഹിരാനന്ദാനി തെളിയിക്കണമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഹുവ വ്യക്തമാക്കിയിരുന്നു.
മുന്‍ പങ്കാളി ജയ് ആനന്ദ് ദെഹാദ്‌റായ് ആണ് മഹുവയ്‌ക്കെതിരെ ആദ്യം പരാതി ഉന്നയിച്ചത്. ഗൗതം അദാനിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദാനി മഹുവയുടെ അക്കൗണ്ട് ഉപയോഗിച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു എന്നാണ് അഭിഭാഷകന്‍ കൂടിയായ ജയ് ആനന്ദ് സിബിഐക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി എംപി നിഷികാന്ത് ദുബെ മഹുവയ്‌ക്കെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
പാര്‍ലമെന്റ് ലോഗിന്‍ വിദേശ സ്ഥാപനത്തിന് നല്‍കി എന്നാണ് ബിജെപിയുടെ ആരോപണം. ദര്‍ശന്‍ എന്റെ സുഹൃത്താണ്. ഒരു ഇന്ത്യന്‍ പൗരനാണ്. ദര്‍ശന്‍ ദുബായില്‍ നിന്നാണ് ലോഗിന്‍ ചെയ്തതെന്ന് ബിജെപി ആരോപിക്കുന്നു. താന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നാണ് ലോഗിന്‍ ചെയ്തത്. സഹോദരിയുടെ കുട്ടി കേംബ്രിഡ്ജില്‍ നിന്ന് ലോഗിന്‍ ചെയ്തിട്ടുണ്ട്. ഐപി വിലാസങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് എന്തുകൊണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്താത്തത് എന്ന് മഹുവ ചോദിച്ചു.