.jpg)
പാകിസ്ഥാനുമായി നിരന്തരമായ ചര്‍ച്ചയുടെ കാലം കഴിഞ്ഞെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ഭീകരവാദത്തിനെതിരെ കര്‍ശന നടപടിയെടുക്കുന്നത് വരെ പാകിസ്ഥാനുമായി നിരന്തര ചര്‍ച്ചകള്‍ നടത്താനാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തിയാണ് മന്ത്രിയുടെ വാക്കുകളിലെന്നാണ് വിലയിരുത്തുന്നത്. അനുകൂലവും പ്രതികൂലവും ആയ ഏതൊരു വിഷയത്തിലും പാകിസ്ഥാനോട് അതിനനുസരിച്ച് പ്രതികരിക്കുമെന്നും തടസ്സങ്ങളൊന്നുമില്ലാതെ പാകിസ്ഥാനോട് സംഭാഷണത്തിലേര്‍പ്പെടുന്ന കാലം അവസാനിച്ചുവെന്നും ജയശങ്കര്‍ പറഞ്ഞു.
നിലവിലെ രീതിയില്‍ പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ ഇന്ത്യ സംതൃപ്തരാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനുമായുള്ള നയതന്ത്രത്തില്‍ ഇന്ത്യ നിഷ്‌ക്രിയമായി തുടരില്ലെന്നും ഒരു വിഷയത്തോടും പ്രതികരിക്കാതെ ഇരിക്കുന്ന കാലമെല്ലാം അവസാനിച്ചുവെന്നും നമുക്ക് മുന്നില്‍ വരുന്ന കാര്യം പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ഇപ്പോള്‍ നമ്മള്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു.
ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെത്തുടര്‍ന്ന് രാഷ്ട്രീയ അസ്ഥിരത നേരിടുന്ന ബംഗ്ലാദേശിലെ സ്ഥിതിഗതികളും ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രമസമാധാന വെല്ലുവിളികളും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. അയല്‍ക്കാരുമായി വെല്ലുവിളികളില്ലാത്ത രാജ്യം ഏതാണുള്ളതെന്നും വിദേശകാര്യമന്ത്രി ചോദിച്ചു.
ഒക്ടോബറില്‍ പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയ്ക്ക് ആഴ്ചകള്‍ മുമ്പാണ് മന്ത്രിയുടെ പ്രതികരണം. ഉച്ചകോടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്ഥാന്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്ന് എംഇഎ വക്താവ് രണ്‍വീര്‍ ജയ്‌സ്വാള്‍ വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു. ഇന്ത്യ പങ്കെടുക്കുമെന്നതില്‍ വ്യക്തതയില്ല.