നിയമസഭയിൽ അസാധാരണ പ്രതിഷേധം; സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ ഉപരോധം
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തിയതിന് പിന്നാലെ നിയമസഭയിൽ പ്രതിഷേധം ശക്തമായി. തുടർച്ചയായ രണ്ട് ദിവസത്തെ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടർന്നായിരുന്നു പ്രതിപക്ഷ ബഹളം. സംസ്ഥാനത്തെ സ്ത്രീസുരക്ഷ ചർച്ച ചെയ്യുന്നതിനായി പ്രതിപക്ഷം നല്കിയ അടിയന്തിര പ്രമേയത്തിനാണ് സ്പീക്കർ ഇന്ന് അനുമതി നിഷേധിച്ചത്. ബഹളം നിയമസഭയും പിന്നിട്ട് സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ എംഎൽഎമാരും വാച്ച് ആന്റ് വാർഡും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. ഉന്തും തള്ളിനുമിടയിൽ കോൺഗ്രസ് എം.എൽ.എ. ടീ ജെ സനീഷ് കുമാർ കുഴഞ്ഞുവീണു. തിരുവഞ്ചൂർ രാധാകൃഷ്ണനെയും വനിതാ എം.എൽ.എ.മാരായ ഉഷ തോമസ്, കെ കെ രമ എന്നിവരെയും വാച്ച് ആൻഡ് വാർഡ് കൈയ്യേറ്റം ചെയ്തതായും കോൺഗ്രസ് ആരോപിച്ചു.
സ്പീക്കർ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ നിരന്തരം നിഷേധിക്കുന്നുവെന്നും നിഷ്പക്ഷതയോടെ പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കറെ മുറിയിലേയ്ക്ക് കയറ്റാതെ മുറിക്ക് മുന്നിൽ ഉപരോധം ഏർപ്പെടുത്തിയെങ്കിലും പിന്നീട് സ്പീക്കർ എ എൻ ഷംസീർ ഓഫിസിനുള്ളിൽ പ്രവേശിച്ചു. ഉപരോധം അവസാനിപ്പിച്ച ശേഷം, പ്രതിപക്ഷ എം.എൽ.എ.മാർ പ്രതിപക്ഷ നേതാവ് വീഡി സതീശന്റെ ഓഫീസിൽ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു.
സഭയിൽ കണ്ടത് ഭരണപക്ഷത്തിന്റെ ധാർഷ്ട്യവും അഹങ്കാരവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ഒരു ദിവസം ശരാശരി 47 സ്ത്രീകളാണ് അതിക്രമത്തിന് ഇരയാകുന്നത്. ഇതുപോലൊരു വിഷയം നിയമസഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെങ്കിൽ നിയമ സഭ കൂടുന്നതെന്തിനാണ്? ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് വിഷയത്തിൽ ചർച്ച ചെയ്യാൻ സാധിക്കാത്തതും, മോദി ഭരണകൂടം പാർലമെന്റിൽ ചെയ്യുന്നത് കേരളത്തിലെ നിയമസഭയിൽ അനുകരിക്കുകയാണെന്നും അദ്ദേഹം വിമർശനമുന്നയിച്ചു. മാനേജ്‌മെന്റ് കോട്ടയിൽ മന്ത്രിസഭയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസിന് പ്രതിപക്ഷത്തെ വിലയിരുത്താൻ എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ബഹളത്തിന് പിന്നാലെ നടന്ന പത്രസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇത്തരം ആരോപണങ്ങളുയർത്തിയത്.