
ഇന്ത്യയില്‍ ഫേസ്ബുക്ക് പൊലീസുകാരനെ നിയമിച്ചു; ജോലി ജയിലില്‍ പോകുകയെന്ന് വെളിപ്പെടുത്തല്‍
ഇന്ത്യയില്‍ ഫേസ്ബുക്കിന്റെ ജീവനക്കാര്‍ക്ക് പകരമായി ജയിലില്‍ പോകാന്‍ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ മെറ്റ നിയമിച്ചുവെന്ന് മുന്‍ ജീവനക്കാരിയുടെ ആത്മകഥ. മുന്‍ ഫേസ്ബുക്ക് ജീവനക്കാരിയായ സാറന്‍ വൈന്‍ വില്ല്യംസിന്റെ കെയര്‍ലെസ് പീപ്പിള്‍ എന്ന ആത്മകഥയിലാണ് ഇക്കാര്യമുള്ളത്.
സര്‍ക്കാര്‍ റെയ്ഡുകളില്‍ ഫേസ്ബുക്കിന്റെ എക്‌സിക്യൂട്ടീവുകള്‍ അറസ്റ്റിലാകുന്ന സാഹചര്യം ഉണ്ടായാല്‍ ഇവര്‍ക്ക് പകരം ജയിലില്‍ പോകുകയെന്നതാണ് ഈ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ജോലിയെന്ന് സാറ വെളിപ്പെടുത്തുന്നു. ഫേസ്ബുക്കിന്റേയും വാട്‌സ് ആപ്പിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃകമ്പനിയായ മെറ്റ ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയാന്‍ ശ്രമിച്ചിരുന്നു. എങ്കിലും ബുക്ക് ഇന്ത്യയില്‍ ലഭ്യമാണ്.
തങ്ങളുടെ എക്‌സിക്യൂട്ടീവുകളെക്കുറിച്ച് കാലഹരണപ്പെട്ടതും മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായ വിവരങ്ങളാണ് ഈ പുസ്തകത്തിലുള്ളതെന്ന് മെറ്റ വാദിക്കുന്നു. ജോലിയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് സാറയെ പുറത്താക്കിയതാണെന്നും മെറ്റ പറയുന്നുണ്ട്. അതിനുശേഷം, ഫേസ്ബുക്ക് വിരുദ്ധ ആക്ടിവിസ്റ്റുകൾ അവര്‍ക്ക് പണം നല്‍കുന്നുവെന്നും മെറ്റ ആരോപിക്കുന്നു.
ഇന്ത്യന്‍ സര്‍ക്കാരും ഫേസ്ബുക്കും തമ്മില്‍ ഒരു തര്‍ക്കം ഉണ്ടായാല്‍ അറസ്റ്റ് വരിച്ച് ജയിലില്‍ പോകുന്നതിനാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ നിയമിച്ചത്. ഇന്ത്യയിലെ സ്ഥിതി വളരെ മോശമാണ്, ഫേസ്ബുക്ക് ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ ബോറിങ്ങും ഔദ്ധ്യോഗികമെന്ന് തോന്നിപ്പിക്കുന്നതുമായ സ്ഥാനപ്പേര് നല്‍കി നിയമിച്ചുവെന്ന് പുസ്തകത്തില്‍ പറയുന്നു.
നെറ്റ് ന്യൂട്രാലിറ്റി വിവാദക്കാലത്തെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശം ഉണ്ട്. കുറഞ്ഞ വരുമാനക്കാരായ ഉപയോക്താക്കള്‍ക്ക് പരിമിതമായ ഇന്റര്‍നെറ്റ് നല്‍കുന്ന ഈ പദ്ധതി ഇന്ത്യയില്‍ നിരോധിച്ചതാണ്.
ഇതില്‍ പൊതുജന പിന്തുണ ലഭിക്കുന്നതിനായി കമ്പനി പരിശ്രമിച്ചു. ഫേസ്ബുക്ക് ഇന്ത്യയുടെ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് (ട്രായ്) ഇമെയിലുകള്‍ അയച്ചത് ട്രായിയെ അലോസരപ്പെടുത്തി. ട്രായ്ക്ക് 16 മില്ല്യണ്‍ ഇമെയിലുകള്‍ അയക്കാന്‍ ഫേസ്ബുക്ക് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രായിക്ക് ലഭിച്ചത് 1.4 മില്ല്യണ്‍ മെയിലുകള്‍ മാത്രമാണ്. ട്രായ് ഈ തലവേദന ഒഴിവാക്കാന്‍ ഫേസ്ബുക്കില്‍ നിന്നുമുള്ള ഇമെയിലുകള്‍ ലഭിക്കുന്നത് തടഞ്ഞുവെന്ന് പുസ്തകത്തില്‍ പറയുന്നു.