ഫേസ്ബുക്ക് ഉടമയായ മെറ്റ 10,000 പേരെ കൂടി പിരിച്ചുവിടുന്നു
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിന്റെ ഉടമയായ മെറ്റ 10,000 ജീവനക്കാരെ കൂടി പിരിച്ചുവിടുന്നു. നാലു മാസങ്ങള്‍ക്കു മുമ്പ് 11,000 പേരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് വീണ്ടും 10,000 പേരെ കൂടി പരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്. മെറ്റയുടെ സിഇഒ മാര്‍ക്ക് സുക്കര്‍ബഗ് ജീവനക്കാര്‍ക്ക് ചൊവ്വാഴ്‌ച്ച അയച്ച സന്ദേശത്തിലാണ് പിരിച്ചുവിടലിന്റെ കാര്യം ഔദ്യോഗികമായി സ്ഥിരീകരിയ്‌ക്കുന്നത്.
ലോകത്തിലെ വന്‍കിട ടെക് കമ്പനികളുടെ പട്ടികയിലെ ഒരു പ്രമുഖ സ്ഥാപനമായ മെറ്റ രണ്ടാംവട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത് ടെക് വ്യവസായ മേഖലയിലാകെ ആശങ്ക പരത്തുന്നതാണ്. മെറ്റയുടെ പിന്നാലെ മറ്റുള്ള ടെക് ഭീമന്മാരും അടുത്ത റൗണ്ട് പിരിച്ചുവിടല്‍ പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2022 ല്‍ (ജനുവരി - ഡിസംബര്‍) മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളുടെ മൊത്തം വരുമാനം 116 ബില്യണ്‍ ഡോളറായിരുന്നു. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനമാണ് മെറ്റ പ്ലാറ്റുഫോമുകളുടെ പ്രധാന വരുമാനസ്രോതസ്സ്. കഴിഞ്ഞ വര്‍ഷം 113.6 ബില്യണ്‍ ഡോളറായിരുന്നു പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം. കമ്പനിയുടെ ലാഭം 23.20 ബില്യണ്‍ ഡോളര്‍. 2021ല്‍ മൊത്തം വരുമാനം 118.12 ബില്യണ്‍ ഡോളറും ലാഭം 28.83 ബില്യണ്‍ ഡോളറുമായിരുന്നു.
വരുമാനത്തിന്റെയും, ലാഭത്തിന്റെയും തോതില്‍ വന്ന ഇടിവാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനുള്ള കാരണമെന്നു കരുതപ്പെടുന്നു. 2022 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ലോകവ്യാപകമായി 86,482 പേരാണ് മെറ്റയിലെ ജീവനക്കാര്‍. പുതിയ പിരിച്ചുവിടല്‍ ഏതെല്ലാം രാജ്യങ്ങളെ ബാധിക്കുമെന്ന വിവരങ്ങള്‍ അറിവായിട്ടില്ല. 2022 ല്‍ ഏകദേശം 200,000 ജീവനക്കാര്‍ക്ക് ടെക് വ്യവസായ മേഖലയില്‍ ജോലി നഷ്ടമായി. മെറ്റ, മൈക്രോസോഫ്‌റ്റ്, ഗൂഗിള്‍ (ആല്‍ഫബെറ്റ്), ആമസോണ്‍ എന്നീ നാലു കമ്പനികള്‍ മാത്രം 50,000 ലധികം പേരെ പിരിച്ചു വിട്ടിരുന്നു. 2022 ല്‍ തുടങ്ങിയ പിരിച്ചുവിടല്‍ 2023 ലും തുടരാനുള്ള സാധ്യതകളിലേക്ക് മെറ്റയുടെ തീരുമാനം വിരല്‍ ചൂണ്ടുന്നു. ലാഭത്തിന്റെ തോത് കുറഞ്ഞതല്ലാതെ ഈ കമ്പനികളെല്ലാം ഇപ്പോഴും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ജീവനക്കാരെ പിരിച്ചു വിടുന്നതിന് പകരം അവരെ ജോലയില്‍ നിലനിര്‍ത്തുകയാണെങ്കില്‍ ലാഭത്തിന്റെ തോതില്‍ നേരിയ കുറവ് മാത്രമാണ് ഉണ്ടാവുകയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.