REPRESENTATIONAL IMAGE | WIKI COMMONS
പിഐബി ഫാക്ട് ചെക്ക് യൂണിറ്റ്; കേന്ദ്ര വിജ്ഞാപനം സ്റ്റേ ചെയ്ത് സുപ്രീം കോടതി
കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെയും ഉള്ളടക്കങ്ങളുടെയും വസ്തുത പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴില്‍ ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ച കേന്ദ്ര വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടിയെടുത്തത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കാമ്ര എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.
ഹര്‍ജികള്‍ പരിഗണിക്കുന്നത് കണക്കിലെടുത്ത് കഴിഞ്ഞദിവസമാണ് വാര്‍ത്തകളുടെ പരിശോധനയ്ക്കായി പിഐബിക്കു ചുമതല നല്‍കി കേന്ദ്രം വിജ്ഞാപനമിറക്കിയത്. ബോംബെ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള കേസില്‍ അന്തിമതീര്‍പ്പുണ്ടാകുന്നതുവരെയാണ് സ്റ്റേ. ഏപ്രില്‍ 15നാണ് ബോംബെ ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നത്.
അശ്ലീലം, ആള്‍മാറാട്ടം അടക്കം എട്ടുതരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. കേന്ദ്രം വ്യാജമെന്നു കണ്ടെത്തുന്ന വാര്‍ത്തകളും 2021 ലെ ഐടി ഇന്റര്‍മീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഫാക്ട് ചെക്ക് യൂണിറ്റ്
കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ഉള്ളടക്കമോ സര്‍ക്കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) വ്യാജമെന്നു മുദ്രകുത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകള്‍ അവ നീക്കം ചെയ്യേണ്ടി വരുന്ന രീതിയിലാണ് ഫാക്ട് ചെക്ക് യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്.