
ആപ്പിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു; ടെലഗ്രാം സിഇഒ അറസ്റ്റില്‍
ടെലഗ്രാമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ പവേല്‍ ദുറോവിനെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. പാരീസിനടുത്തുള്ള വിമാനത്താവളത്തില്‍വച്ചായിരുന്നു അറസ്റ്റ്. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലാണ് അറസ്റ്റ്.
ടെലഗ്രാമില്‍ ക്രിമിനല്‍ ഉപയോഗം തടയാന്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ദുറോവിനെതിരെയുള്ള ആരോപണം. ഇയാള്‍ക്കെതിരെ നേരത്തെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ടെലഗ്രാം ഉപയോഗിച്ച് ഒരു തടസവുമില്ലാതെ കുറ്റകൃത്യങ്ങള്‍ നടക്കുന്നുവെന്നും ഇതെല്ലാം കമ്പനി നോക്കി നില്‍ക്കുകയാണെന്നും അന്വേഷണസംഘം കണ്ടെത്തിയതായാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ച് നടപടി സ്വീകരിക്കാന്‍ ടെലഗ്രാമില്‍ മോഡറേറ്റര്‍മാരില്ലെന്നും ഉന്നയിക്കപ്പെടുന്നുണ്ട്.
2013 ലാണ് പാവല്‍ ദുറോവ് ടെലഗ്രാം സ്ഥാപിച്ചത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ 2014 ല്‍ റഷ്യ വിട്ടു. സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാത്തതിന് 2018 ല്‍ റഷ്യയില്‍ ടെലഗ്രാം നിരോധിച്ചെങ്കിലും 2021 ല്‍ വിലക്ക് പിന്‍വലിക്കുകയായിരുന്നു. ദുബായ് ആസ്ഥാനമായാണ് ടെലഗ്രാം പ്രവര്‍ത്തിക്കുന്നത്.


