
നിഖിൽ തോമസ് | FACEBOOK
വ്യാജ സർട്ടിഫിക്കറ്റ് വിവാദം; സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി, നിഖിൽ പാർട്ടിയെ ചതിച്ചെന്നും ആരോപണം
എംഎസ്എം കോളജിലെ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ രേഖ കേസിൽ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി. നിഖിലിന്റേത് കൊടും ചതിയെന്നും പാർട്ടിയെ ചതിച്ചെന്നും സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ കുറ്റപ്പെടുത്തി. നിഖിൽ പാർട്ടി അംഗമാണ്. വിഷയം ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും. ആരെങ്കിലും അറിഞ്ഞുകൊണ്ട് സഹായിച്ചിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജില്ലാഘടകങ്ങൾക്ക് നിർദേശം നല്കിയിരിക്കുകയാണ്. വിഷയത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിട്ടില്ല. സമീപകാലത്തെങ്ങുമില്ലാത്ത വിധം വിവാദങ്ങളുടെ പിടിയിലമരുകയാണ് എസ്എഫ്‌ഐ.
ആരോപണങ്ങൾ ശക്തം
കെ വിദ്യയുടെ വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് കേസിന് പിന്നാലെ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണങ്ങളിലും വ്യക്തത വന്നിരിക്കുകയാണ്. കായംകുളം എംഎസ്എം കോളജിൽ എം.കോമിന് ചേർന്നത് ബി.കോം ജയിക്കാതെ ആണെന്ന് സ്ഥിരീകരിച്ചു. ഛത്തീസ്ഗഡ് കലിംഗ സർവകാലശാല രേഖകൾ വ്യാജമാണെന്ന് കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും വ്യക്തമാക്കി. ആരോപണം തെളിഞ്ഞതോടെ നിഖിലിനെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
കേരള സർവകലാശാല നല്കിയ വ്യക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിഖിലിന് എം.കോം പ്രവേശനം നൽകിയതെന്നാണ് കോളജ് അധികൃതരുടെ വാദം. 2022 ജനുവരി 28ന് മാനേജ്‌മെന്റ് സീറ്റിലായിരുന്നു പ്രവേശനം നേടിയത്. കോളജ് രേഖകൾ പ്രകാരം നിഖിൽ 2017 ജൂലൈ 19നാണ് എംഎസ്എം കോളജിൽ ബി.കോമിനു ചേർന്നത്. മൂന്നുവർഷം കോളജിൽ പഠിക്കുകയും പരീക്ഷയെഴുതുകയും ചെയ്തു. എന്നാൽ എഴുതിയ പരീക്ഷകളിൽ പലതും തോറ്റെന്ന് പരീക്ഷാ കൺട്രോളർ തന്ന രേഖകളിൽ വ്യക്തമാണ്. 2020 ജൂൺ 22നു ടിസി വാങ്ങി. എന്നാൽ ഇതേ കാലയളവിൽ കലിംഗയിൽ റഗുലർ കോഴ്‌സ് പഠിച്ച് ഫസ്റ്റ് ക്ലാസോടെ ജയിച്ചെന്നാണ് നിഖിൽ പിജി പ്രവേശനത്തിനു നൽകിയ സർട്ടിഫിക്കറ്റിലുള്ളത്. ഒരേ സമയത്ത് രണ്ട് കോളജുകളിൽ പ്രവേശനം നേടുകയും പഠിക്കുകയും ചെയ്യുന്നതെങ്ങനെ എന്നാണ് ഉയരുന്ന ചോദ്യം.
നിഖിലിന് പിജി പ്രവേശനം നല്കിയത് തനിക്ക് ലഭിച്ച ശുപാർശപ്രകാരമുള്ള മാനദണ്ഡം പാലിച്ചാണെന്ന് മുൻ പ്രിൻസിപ്പൽ ഡോ എസ് ഭദ്രകുമാരി പറഞ്ഞു. വിദ്യാർത്ഥിയെ നേരിട്ടറിയില്ലെന്നും പി.ജി പ്രവേശന കമ്മിറ്റിയും ഓഫിസ് സൂപ്രണ്ടും ഉൾപ്പെട്ട കമ്മിറ്റി സർട്ടിഫിക്കറ്റ് പരിശോധനകൾക്ക് ശേഷം പ്രവേശനം നല്കാമെന്ന ശുപാർശ നല്കിയതായും അവർ വെളിപ്പെടുത്തി.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ കായംകുളം എം.എസ്.എം കോളജ് സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചു. അതിനായി ആറംഗ സമിതിയെ ചുമതലപ്പെടുത്തി. അന്വേഷണം ആവശ്യപ്പെട്ട് കോളജിൽ വിദ്യാർത്ഥി സംഘടനകൾ വലിയ പ്രതിഷേധത്തിലാണ്. നിഖിലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോളജ് അധികൃതർ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് വിദ്യാർത്ഥി പ്രതിഷേധം. എന്നാൽ വിഷയത്തിൽ അന്വേഷണ കമ്മീഷനോട് രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തുടർന്ന് നിയമനടപടികൾ സ്വീകരിക്കുമെന്നും കോളജ് അധികൃതർ വ്യക്തമാക്കി.
അതൃപ്തിയിൽ സിപിഎം നേതൃത്വം
ഒന്നിന് പിറകെ ഒന്നായി നിരന്തരം എസ്എഫ്ഐയിൽ വിവാദം പുകയുകയാണ്. തിരുവനന്തപുരത്ത് അടക്കം ജില്ലാ നേതാക്കളുടെ വഴിവിട്ട നിലപാടുകൾ, നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന ലഹരി വിവാദങ്ങൾ, പ്രായപരിധിയെ കുറിച്ച് ഉയർന്ന ആക്ഷേപങ്ങൾ- എല്ലാം ഉണ്ടാക്കിയ ചീത്തപ്പേരിൽ നിന്ന് എസ്എഫ്‌ഐയെ കരകയറ്റാൻ നേതൃത്വം പാടുപെടുന്നതിനിടെയാണ് വ്യാജരേഖ നിർമ്മിതിയെന്ന വിവാദം ശക്തമായത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടവും വ്യാജരേഖ വിവാദവും ഉണ്ടാക്കിയ ക്ഷീണം മാറുന്നതിന് മുമ്പെയാണ് മഹാരാജാസ് വിവാദം ഉണ്ടാവുന്നത്. വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കെ വിദ്യ ഇപ്പോഴും ഒളിവിലാണ്. ഇതിനു പിന്നാലെയാണ് നിഖിലിന്റെ കേസും വിവാദമായത്. നിഖിലിനെ പൂർണമായും ന്യായീകരിച്ച എസ്എഫ്‌ഐ നേതൃത്വത്തെ വെട്ടിലാക്കിയാണ് കലിംഗ സർവകലാശാലയുടെ വിശദീകരണം. നിഖിലിന്റെ സർട്ടിഫിക്കറ്റ് പരിശോധിച്ച് ക്ലീൻ ചിറ്റ് നൽകിയ എസ്എഫ്‌ഐ നടപടിയാണ് പ്രശ്‌നം കൂടുതൽ തിരിച്ചടിയായെതെന്ന നിലപാട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
വ്യാജ രേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരും ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. ഒളിവിലുള്ള വിദ്യയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായി കെട്ടിച്ചമച്ച കേസാണിതെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യ വാദിക്കുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു. കേസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും വിദ്യ കോടതിയിൽ അറിയിച്ചിരുന്നു.