TMJ
searchnav-menu
post-thumbnail

TMJ Daily

തുര്‍ക്കിയില്‍ കോണ്‍ഗ്രസ് ഓഫീസെന്ന വ്യാജ വാര്‍ത്ത; അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്

21 May 2025   |   1 min Read
TMJ News Desk

തുര്‍ക്കിയിലെ ഇസ്താംബുൾ കോണ്‍ഗ്രസ് സെന്റര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഓഫീസാണെന്ന് പറഞ്ഞ് വ്യാജ വാര്‍ത്ത നല്‍കിയതിന് റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്. ബിജെപിയുടെ സോഷ്യല്‍ മീഡിയ സെല്‍ തലവന്‍ അമിത് മാളവ്യയ്‌ക്കെതിരെയും കേസുണ്ട്. ബംഗളുരു പൊലീസാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍  പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.

മെയ് 15ന് റിപ്പബ്ലിക് ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്തയില്‍ ഇസ്താംബൂള്‍ മെട്രോപൊളിറ്റന്‍ മുന്‍സിപ്പാലിറ്റിയുടെ കണ്‍വെന്‍ഷന്‍ സെന്ററാണ് ഇസ്താംബൂള്‍ കോണ്‍ഗ്രസ് സെന്ററെന്ന് ആള്‍ട്ട്‌ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യൂത്ത് കോണ്‍ഗ്രസിന്റെ നിയമ സെല്‍ തലവന്‍ ശ്രീകാന്ത് സ്വരൂപാണ് അര്‍ണബിനും മാളവ്യയ്ക്കും എതിരെ പരാതി നല്‍കിയത്.

ഇന്ത്യയിലെ പൊതുജനങ്ങളെ പറ്റിക്കുക, ഒരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തെ അപമാനിക്കുക, ദേശീയതയുടെ വികാരങ്ങളെ വക്രീകരിക്കുക, പൊതുജനങ്ങളെ ഇളക്കി വിടുക, ദേശീയ സുരക്ഷയേയും ജനാധിപത്യ അഖണ്ഡതയേയും അട്ടിമറിക്കുക തുടങ്ങിയ ക്രിമിനല്‍ ലക്ഷ്യങ്ങളോടെയാണ് പ്രതികള്‍ ഈ വാദം ഉന്നയിച്ചതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തെ അപമാനിക്കാനുള്ള അവിരാമമായ പൊപ്പഗാണ്ടയാണിതെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.





#Daily
Leave a comment